1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2021

സ്വന്തം ലേഖകൻ: ചൈനയുടെ മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡനാരോപണമുന്നയിച്ചതിനു പിന്നാലെ കാണാതായ ടെന്നിസ് താരത്തെക്കുറിച്ച് വ്യക്തമായ തെളിവുകൾ പുറത്തുവിടണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. ടെന്നിസ് താരം പെങ് ഷുവായിയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. ‘പെങ് ഷുവായി എവിടെ?’ (#WhereIsPengShuai) എന്ന ഹാഷ്ടാഗിൽ താരത്തെ കണ്ടെത്തുന്നതിനായുള്ള ക്യാംപെയിൻ ശക്തമാകുന്നതിനിടെയാണ് ബ്രിട്ടന്റെ ഇടപെടൽ.

പെങ് ഷുവായി എവിടെയാണെന്നും അവരുടെ സുരക്ഷയെക്കുറിച്ചും വ്യക്തമാക്കാൻ ചൈന തയാറാകണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. താരത്തെ കാണാതായത് ആശങ്കാജനകമാണെന്നും സംഭവത്തെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ബ്രിട്ടന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭയം കൂടാതെ സംസാരിക്കാൻ എല്ലാവരേയും അനുവദിക്കണം. ലൈംഗിക പീഡനം ലോകത്തെവിടെ നടന്നാലും അന്വേഷിക്കപ്പെടണമെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ ആവശ്യപ്പെട്ടു.

യുഎസും ഐക്യരാഷ്ട്ര സംഘടനയും വെള്ളിയാഴ്ച ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതെത്തുടർന്ന് ശനിയാഴ്ച പെങ്ങിന്റെ വിഡിയോ ചൈനീസ് മാധ്യമം പുറത്തുവിട്ടു. എന്നാൽ വിഡിയോയുടെ ആധികാരികതയെക്കുറിച്ച് വ്യക്തതയില്ല. ഗ്രാൻഡ് സ്‌ലാം ഡബിൾസ് രണ്ട് തവണ നേടിയ മുപ്പത്തിയഞ്ചുകാരി പെങ് ഈ മാസം ആദ്യമാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. സംഭവത്തെത്തുടർന്ന് ചൈനയുടെമേൽ രാജ്യാന്തര സമ്മർദം ഏറുകയാണ്.

അതിനിടെ ലൈംഗിക ആരോപണം ഉന്നയിച്ചതിന്​ ശേഷം അപ്രത്യക്ഷയായ പ്രശസ്​ത ടെന്നിസ്​ താരം ഒടുവിൽ ബെയ്​ജിങിൽ പ്രത്യക്ഷപ്പെട്ടു. പെങ് ഷുവായ് ബെയ്​ജിംഗിൽ തന്‍റെ കോച്ചിനും സുഹൃത്തുക്കൾക്കും ഒപ്പം ഭക്ഷണം കഴിക്കുന്ന പുതിയ ചിത്രം ചൈനീസ്​ മാധ്യമങ്ങളാണ്​ പുറത്തുവിട്ടത്​. ബെയ്​ജിങിൽ ഞായറാഴ്ച പുലർച്ചെ നടന്ന ടീനേജർ ടെന്നിസ്​ മാച്ച്​ ഫൈനലിന്‍റെ ഓപണിങ്​ സെറിമണിയിൽ അവർ പ​ങ്കെടുക്കുന്ന വീഡിയോയും ഔദ്യോഗികമായി പുറത്തുവന്നിട്ടുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.