1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2017

സ്വന്തം ലേഖകന്‍: യുദ്ധക്കെടുതിക്കു പുറമേ യമനില്‍ കോളറ പടരുന്നു, തലസ്ഥാനമായ സനായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 200 കേസുകള്‍, ഇരകള്‍ കൂടുതലും പിഞ്ചു കുഞ്ഞുങ്ങള്‍. മലിന ജലത്തിന്റെ ഉപയോഗവും ശുചീകരണ നടപടികളിലെ പോരായ്മയും മൂലമാണ് സനായില്‍ മാത്രം 200 ലേറെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ കാരണം.

കഴിഞ്ഞ ദിവസം മാത്രം രണ്ടു പേര്‍ കോളറ ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം പത്ത് പേര്‍ മരിച്ചതായി സനായിലെ ഒരു പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ നാലു മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു.

ഹൂഥി വിഭാഗത്തെ മുമ്പില്‍ നിര്‍ത്തി മേഖലയില്‍ ആധിപത്യം നേടാനുള്ള ഇറാന്റെ ശ്രമമാണ് യമനെ സൗദി അറേബ്യയുടെയും സഖ്യകക്ഷികളുടെയും കനത്ത ബോംബാക്രമണത്തിന് ഇരയാക്കിയത്. ബോംബാക്രമണങ്ങളിലും, സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഹൂഥികളും അവരെ പിന്തുണക്കുന്ന മുന്‍ പ്രസിഡന്റ് അലി സ്വാലിഹിന്റെ സൈന്യവും നടത്തുന്ന ആക്രമണങ്ങളിലും ആറായിരത്തോളം സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

ഹൂഥികള്‍ ഒരു വശത്തും പ്രസിഡന്റ് ഹാദിയെ പിന്തുണക്കുന്ന സൈന്യവും ഗോത്ര സഖ്യങ്ങളും മറുവശത്തുമായി തെക്കന്‍ യമനില്‍ നടക്കുന്ന രൂക്ഷമായ പോരാട്ടങ്ങളിലാണ് കൂടുതല്‍ ആള്‍നഷ്ടമുണ്ടാകുന്നത്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ ‘ഓക്‌സ് ഫാം’ നടത്തിയ പഠനത്തില്‍, യമനിലെ ആറിലൊരു കുട്ടിക്ക് മതിയായ പോഷകാഹാരമോ ശുദ്ധ ജലമോ മറ്റു അവശ്യ സേവനങ്ങളോ ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

കടുത്ത പോഷകാഹാരക്കമ്മി അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം പത്തു ലക്ഷത്തിലധികമായിരുന്നു. യുദ്ധം തുടങ്ങി ഒന്നര വര്‍ഷത്തിനകം 25 ലക്ഷം പേര്‍ ഭവനരഹിതരും ആയിരത്തില്‍പരം കുട്ടികളടക്കം 6000 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടും യമനില്‍ സമാധാനത്തിനുള്ള സാധ്യത തെളിയുന്നില്ല. അമേരിക്കയും ബ്രിട്ടനും സൗദിപക്ഷത്തെ പിന്തുണക്കുമ്പോള്‍ ഇറാനും റഷ്യയുമാണ് ഷിയാ ഹൂഥികളെ പിന്തുണക്കുന്നതാണ് ഇതിനു കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.