
സ്വന്തം ലേഖകൻ: ന്യൂസീലൻഡിൽ ക്രിസ് ഹിപ്‌കിൻസ് (44) പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജസിൻഡ ആർഡേൻ അപ്രതീക്ഷിതമായി പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ക്രിസിനെ ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുത്തത്. 2008 ലാണു ക്രിസ് ആദ്യം പാർലമെന്റിലെത്തിയത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികാരമേറ്റ ശേഷം മാധ്യമപ്രവർത്തകരെ കണ്ട ക്രിസ് ഹിപ്കിൻസ് വ്യക്തമാക്കി. ഈ വർഷം ഒക്ടോബറിലാണ് ന്യൂസീലൻഡിൽ പൊതുതിരഞ്ഞെടുപ്പ്.
ഒക്ടോബറിൽ ന്യൂസിലൻഡിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയാലും ഹിപ്കിൻസിന് എത്ര കാലം തുടരാനാകുമെന്ന് വ്യക്തമല്ല. 2023ലെ തിരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ കടുത്ത പോരാട്ടമാണ് ക്രിസ് ഹിപ്കിൻസ് അതിജീവിക്കേണ്ടി വരികയെന്നാണ് ന്യൂസിലാൻഡിൽനിന്നുള്ള റിപ്പോർട്ട്. പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന സാമൂഹിക അസമത്വവും അഭിപ്രായ വോട്ടെടുപ്പുകളിൽ ജെസിന്തയുടെ ജനപ്രീതിയിൽ കനത്ത ഇടിവിന് കാരണമായിട്ടുണ്ട്. രാജ്യത്തെ ലേബർ പാർട്ടിയുടെ പൊതു അംഗീകാരത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങുകയാണെന്ന് ജസിന്ത ആർഡേൻ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയെന്ന നിലയിലുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവിടണമെന്നും വ്യക്തമാക്കിയാണ് ജെസിന്ത രാജി പ്രഖ്യാപിച്ചത്. 2017 ൽ അധികാരമേറ്റപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജെസിന്ത ആർഡേൻ.
കഴിഞ്ഞ അഞ്ചര വർഷം തന്റെ ജീവിതത്തിലെ “ഏറ്റവും തൃപ്തകരമായിരുന്നുവെന്ന്” രാജിപ്രഖ്യാപന വേളയിൽ അവർ പറഞ്ഞു. എന്നിരുന്നാലും, “പ്രതിസന്ധി” സമയത്ത് രാജ്യത്തെ നയിക്കുക ബുദ്ധിമുട്ടായിരുന്നു – കോവിഡ് മഹാമാരി, ക്രൈസ്റ്റ് ചർച്ച് പള്ളിയിലെ വെടിവയ്പ്പ്, വൈറ്റ് ഐലൻഡ് അഗ്നിപർവ്വത സ്ഫോടനം എന്നിവയെ നേരിടാനായെന്നും അവർ അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല