
സ്വന്തം ലേഖകൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി നിയമിതനായ മലയാളി വൈദികൻ ഫാ. സാജു മുതലാളിയുടെ സ്ഥാനാരോഹണം ചൊവ്വാഴ്ച ലണ്ടനിലെ സെന്റ് പോൾസ് കത്തീഡഡ്രലിൽ നടന്നു. ലെസ്റ്ററിലെ ലഫ്ബറോ രൂപതയുടെ സഫ്രഗൻ ബിഷപ്പായാണ് സാജു മുതലാളിയുടെ നിയമനം. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണു ഫാ. സാജു മുതലാളി. മൂന്നുവർഷം മുമ്പാണ് ഈസ്റ്റ് ലണ്ടനിലെ ബാർക്കിംങ്ങിൽ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ഫാ. ജോൺ പെരുമ്പലത്ത് ചെംസ്ഫോർഡിലെ ബ്രാഡ്വെൽ ബിഷപ്പായി നിയമിതനായത്.
കെന്റിലെ റോച്ചസ്റ്റർ രൂപതയുടെ കീഴിലുള്ള ജില്ലിംങ്ങാം സെന്റ് മാർക്ക്സ് പള്ളി വികാരിയായിരുന്നു കഴിഞ്ഞ ഏഴു വർഷങ്ങളായി ഫാ. സാജു മുതലാളി. കേവലം 42 വയസുമാത്രം പ്രായമുള്ള ഫാ. സാജുവാകും ഇനിമുതൽ ആംഗ്ലിക്കൻ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്. ഹോർഷോം രൂപതയിലെ 44 വയസ് പ്രായമുള്ള ബിഷപ് റൂത് ആയിരുന്നു ഇതുവരെ പ്രായംകുറഞ്ഞ ബിഷപ് എന്ന പദവി അലങ്കരിച്ചിരുന്നത്.
പുതിയ നിയമനം വലിയ ഉത്തരവാദിത്ത ബോധമാണ് നൽകുന്നതെന്ന് ഫാ. സാജുവും പ്രതികരിച്ചു. പുതിയ നിയമനം സന്തോഷം നൽകുമ്പോഴും കെന്റിലെ ചെറുഗ്രാമത്തിലുള്ള പള്ളിയിലെത്തിയിരുന്ന വിശ്വാസികളെ വിട്ടുപോകുന്നതിൽ ചെറുതല്ലാത്ത പ്രയാസമുണ്ടെന്ന് അദ്ദേഹം പറയുന്നു. കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട മൺറോതുരുത്ത് മലയിൽ വീട്ടിൽ എം.ഐ ലൂക്കോസ് മുതലാളിയുടെയും അന്നമ്മ ലൂക്കോസിന്റെയും മകനാണ് ഫാ. സാജു. ബാംഗ്ലൂരിൽ അഭിഭാഷകനായ സിജി മലയിൽ, ജിജി ജോസഫ് എന്നിവർ സഹോദരങ്ങളാണ്. ഇംഗ്ലണ്ടുകാരിയായ കേയ്റ്റിയാണ് ഫാ. സാജുവിന്റെ ഭാര്യ. ഇവർക്കു നാലു മക്കളുണ്ട്.
ബാംഗ്ലൂരിലെ സതേൺ ഏഷ്യ ബൈബിൾ കോളജിൽനിന്നും 2001ൽ ദൈവശാസ്ത്രത്തിൽ ബിരുദം നേടിയ സാജു സതേൺ ഏഷ്യാ ബൈബിൾ കോളജിൽ നിന്നാണ് ഉപരിപഠനത്തിനായി ബ്രിട്ടണിലെത്തിയത്. ബാംഗ്ലൂരിലെ സതേൺ ഏഷ്യ ബൈബിൾ കോളജിൽനിന്നും 2001ൽ ദൈവശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് ബ്രിട്ടണിലെത്തി ഓക്സ്ഫെഡിലെ വൈക്ലിഫ് ഹാളിലുള്ള ഇവാഞ്ചലിക്കൽ ആംഗ്ലിക്കൻ ദൈവശാസ്ത്ര കോളജിൽ വൈദിക പരിശീലനം നേടി. 2008ൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ഡീക്കനായും 2009ൽ വൈദികനായും നിയമിതനായി. 2011വരെ ബ്ലാക്ക്ബേൺ രൂപതയിലെ ലാൻകാസ്റ്റർ സെന്റ് തോമസ് പള്ളിയിൽ സേവനം അനുഷ്ഠിച്ചു.
2015ലാണ് കെന്റിലെ റോച്ചസ്റ്റർ രൂപതയിൽ എത്തുന്നത്. 2021 നവംബർ 12നായിരുന്നു ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷ കൂടിയായ എലിസബത്ത് രാജ്ഞി സാജുവിനെ ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ ഒപ്പുവച്ചത്. ക്രിക്കറ്റും മാരത്തണും ഇഷ്ടപ്പെടുന്ന ഫാ. സാജു നിലവിൽ റോച്ചസ്റ്റർ ആൻഡ് കാന്റർബറി ഡയസീഷൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്. മൂന്നു മാരത്തോണുകളിലും പങ്കെടുത്തു. ലെസ്റ്റർ ബിഷപ് മാർട്ടിൻ സ്നോയുടെ സഹായത്തോടെയാകും അദ്ദേഹം പുതിയ ചുമതലയിൽ സജീവമാകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല