1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2021

സ്വന്തം ലേഖകൻ: സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു. തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയൻ, കാപ്പാൻ, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായിരുന്നു.

ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹായിയായാണ് കരിയര്‍ തുടങ്ങുന്നത്. സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, അമരൻ, മീര, ദേവർ മകൻ, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളിൽ ജോലി ചെയ്തു. തേന്മാവിൻ കൊമ്പത്ത് എന്ന പ്രിയദർശൻ ചിത്രത്തിലൂടെ ആനന്ദ് സ്വതന്ത്രഛായാഗ്രാഹകനായി.

തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. പ്രിയദർശനൊപ്പം പിന്നീട് മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചു. ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാതൽ ദേശം ആണ്. സിനിമ വലിയ ഹിറ്റായി മാറിയതോടെ ശങ്കറും ഒപ്പം കൂട്ടി. മുതൽവൻ,ബോയ്സ്, ശിവാജി തുടങ്ങി വമ്പൻ ഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ പിറന്നു. തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളിൽ ഛായാഗ്രാഹകനായി ജോലി ചെയ്തു.

കോവിഡ് രോഗബാധയെ തുടർന്നുള്ള മരണമായിരുന്നതിനാൽ ആരെയും അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാരം. മൃതദേഹം ദഹിപ്പിക്കുന്നതിനായി കോർപേറേഷൻ അധികൃതർക്കു നേരിട്ടു കൈമാറുകയായിരുന്നു. അതേസമയം, ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് കുടുംബാംഗങ്ങൾക്ക് അവസരമൊരുക്കിയിരുന്നു.

രണ്ടാഴ്ചയ്ക്കു മുൻപ് കെ.വി.ആനന്ദിന്റെ ഭാര്യയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ക്വാറന്റീനിൽ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. പരസഹായമില്ലാതെ സ്വയം കാറോടിച്ചാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. കോവിഡിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഹൃദയാഘാതത്തിന് കാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.