1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2019

സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധ റാലി നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദേശീയ പൗരത്വ നിയമം നടപ്പാക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ തന്റെ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്‌തോളൂവെന്ന് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ പറഞ്ഞു.

‘നിങ്ങള്‍ക്ക് എന്റെ സര്‍ക്കാരിനെ പിരിച്ചുവിടണമെങ്കില്‍ അങ്ങനെ ചെയ്യാം. എന്നാല്‍, ദേശീയ പൗരത്വ നിയമമോ പൗരത്വ രജിസ്റ്ററോ പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ ഒരിക്കലും അനുവദിക്കില്ല. മമത ഒറ്റയ്ക്കാണെന്നാണ് അവര്‍ കരുതുന്നത്. എനിക്കൊപ്പം നിരവധി പേരുണ്ട്. നിങ്ങളുടെ ഉദ്ദേശ്യം ശുദ്ധമായിരുന്നുവെങ്കില്‍ ജനം നിങ്ങളെ പിന്തുണയ്ക്കുമായിരുന്നു. മതവുമായി ബന്ധപ്പെട്ട പോരാട്ടമല്ല ഇത്. എന്താണോ ശരി അതിനുവേണ്ടി ഉള്ളതാണ്’ – മഹാറാലിയെ അഭിസംബോധന ചെയ്യവെ മമത ബാനര്‍ജി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ബുധനാഴ്ചവരെ ബംഗാളില്‍ വിവിധ റാലികള്‍ നടത്താനാണ് മമത നിശ്ചയിച്ചിട്ടുള്ളത്. അംബേദ്കര്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയതിന് ശേഷമാണ് ഇന്നത്തെ റാലി തുടങ്ങിയത്. പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

“നാമെല്ലാം ഈ രാജ്യത്തെ പൗരന്മാരാണ്. എല്ലാ മതങ്ങളും തമ്മിലുള്ള ഐക്യമാണ് നമ്മുടെ ലക്ഷ്യം. ആരും ബംഗാള്‍ വിട്ടുപോകുന്ന സാഹചര്യമുണ്ടാക്കാന്‍ നാം അനുവദിക്കില്ല. ഉത്കണ്ഠയില്ലാതെ സമാധാനത്തോടെ നാം ജീവിക്കും. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. സമാധാനം നാം നിലനിര്‍ത്തും,” എന്ന പ്രതിജ്ഞയാണ് റാലിക്കെത്തിയവര്‍ ചൊല്ലിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.