
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തി.
സ്‌കൂള്‍ ബസ് ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. നഗരത്തിലെ പോലീസ് ബൂത്തിനും തീയിട്ടു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലീസ് ലാത്തി ചാര്‍ജ് നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തില്‍ രണ്ടു പോലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഡ്രോണ്‍ സംവിധാനമുപയോഗിച്ച് പോലീസ് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതനുസരിച്ച് പ്രതിഷേധക്കാര്‍ ഉച്ചയ്ക്ക് ഒരുമണിയോടെ ജഫറാബാദിലെത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ആദ്യ അരമണിക്കൂര്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ ഇവര്‍ പിന്നീട് അക്രമാസക്തരാവുകയായിരുന്നു.
സീലംപൂര്‍ നിന്ന് ജഫറാബാദിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. സുരക്ഷയെ കരുതി ഏഴുമെട്രോ സ്‌റ്റേഷനുകള്‍ അടച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു. സീലംപൂരില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഡല്‍ഹി പോലീസ് ജോയിന്റ് കമ്മിഷണര്‍ അലോക് കുമാര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല