1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2019

സ്വന്തം ലേഖകൻ: പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തൊട്ടടുത്തുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം ഉറപ്പാക്കുന്നതിനാണ് പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതെന്നും ദില്ലിയിലെ റാലിയിൽ ഷാ.

“എന്തൊക്കെ വന്നാലും അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കിട്ടുന്നത് സർക്കാർ ഉറപ്പാക്കും. ഇവർ ഇന്ത്യക്കാരായി മാനത്തോടെ ജീവിക്കുമെന്ന് ഉറപ്പാക്കും,” ദില്ലിയിലെ ദ്വാരകയിൽ നടത്തിയ റാലിയിൽ അമിത് ഷാ പറഞ്ഞു. പൗരത്വ നിയമഭേദഗതിക്ക് എതിരെ ദില്ലിയിലെ തന്നെ സീലംപൂരിൽ സം‌ഘർഷം അണപൊട്ടുന്നതിനിടെയായിരുന്നു അമിത് ഷായുടെ പരാമർശം. ആരുടെയും പൗരത്വം ഈ നിയമം മൂലം നഷ്ടമാകില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.

“സമരം ചെയ്യുന്ന മുസ്ലിം സഹോദരൻമാരോടും സഹോദരിമാരോടും വിദ്യാർത്ഥികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ. ഇതിലൂടെ ആരുടെയും ഇന്ത്യൻ പൗരത്വം നഷ്ടമാകില്ല. നിയമത്തിന്‍റെ പൂർണരൂപം സർക്കാർ വെബ്സൈറ്റിലുണ്ട്. ഇത് എല്ലാവർക്കും വായിക്കാവുന്നതാണ്. സബ്കാ സാഥ്, സബ്കാ വികാസ് എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ആരോടും ഞങ്ങൾ അനീതി കാട്ടില്ല,” അമിത് ഷാ പറഞ്ഞു. ജനങ്ങളിൽ ഭീതി പടർത്തുന്നത് കോൺഗ്രസ് ആണെന്നും അമിത് ഷാ ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കള്‍. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം പത്തിലേറെ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ എന്നിവരടക്കമാണ് രാഷ്ട്രപതിയുടെ ഓഫീസില്‍ നേരിട്ടെത്തി പ്രതിഷേധം അറിയിച്ചത്.

ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമാധാനപരമായി പ്രതിഷേധിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നരനായാട്ട് നടത്തുകയായിരുന്നു എന്ന് രാഷ്ട്രപതിയെ കണ്ട ശേഷം സോണിയ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

വളരെ ഗൗരവമേറിയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ആശങ്ക രേഖപ്പെടുത്തിയ സോണിയ ഗാന്ധി ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ പെണ്‍കുട്ടികളുടെ ബാത്ത്‌റൂമുകളില്‍ കയറി പൊലീസ് നടത്തിയ അതിക്രമത്തെ നിശിതമായി വിമര്‍ശിച്ചു.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്രത്തിന് തിടുക്കമായിരുന്നു എന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. ജാമിയ മിലിയയില്‍ നടന്ന പൊലീസ് അതിക്രമത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം വ്യക്തമാക്കി പ്രതിപക്ഷ നേതാക്കൾ ഒപ്പുവച്ച കത്ത് രാഷ്ട്രപതിക്ക് കെെമാറി.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ വിവിധ ക്യാംപസുകളില്‍ പ്രതിഷേധം തുടരുകയാണ്. ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍, വിദ്യാര്‍ഥികളുടെ പ്രതിഷേധം ജനാധിപത്യപരമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.