1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2019

സ്വന്തം ലേഖകൻ: വിവാദമായ പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. വോട്ടെടുപ്പോടെയാണ് ബില്ലിന് അവതരണാനുമതി ലഭിച്ചത്. ബില്ലിനെ അനുകൂലിച്ച് 293 പേര്‍ വോട്ട് ചെയ്തപ്പോള്‍, 82 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. 375 പേരാണ് ഇന്നു സഭയിലെത്തിയത്.

എന്‍.ഡി.എ വിട്ട ശിവസേന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതാണ് ഏറ്റവും ശ്രദ്ധേയമായത്. ബില്ലിലൂടെ വോട്ടുബാങ്കാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന അഭ്യൂഹങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അവസാനിപ്പിക്കണമെന്ന് ഇന്നു രാവിലെ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയില്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിക്കുന്ന കുടിയേറ്റക്കാരായ ഹിന്ദുക്കള്‍ക്ക് ഇവിടെ വോട്ടവകാശം ഉണ്ടാവില്ലെന്ന് അമിത് ഷാ ഉറപ്പുവരുത്തണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

“നിയമവിരുദ്ധരായ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണം. കുടിയേറ്റ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണം, പക്ഷേ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തിന് മറുപടി നല്‍കണം,” റാവത്ത് പറഞ്ഞു.

അവര്‍ക്ക് വോട്ടവകാശം നല്‍കരുത്, കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്? ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം അവര്‍ വീണ്ടും കശ്മീരിലേക്ക് പോയിട്ടുണ്ടോ?” സഞ്ജയ് റാവത്ത് ട്വിറ്ററില്‍ ചോദിച്ചു.

അതേസമയം ലോക്‌സഭയില്‍ ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണു പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. ബില്ലിനെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സി.പി.ഐ.എം, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവര്‍ രംഗത്തെത്തി.

പൗരത്വഭേദഗതി ബില്ലില്‍ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

“ഇത് എല്ലാവരും പറയുന്ന കാര്യമാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല. നാലോ അഞ്ചോ വിഭാഗങ്ങളെ അവര്‍ ഉള്‍പ്പെടുത്തുന്നു. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കുന്നു. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണ്. മൗലികാവകാശത്തിന്റെ ലംഘനമാണ്. ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാന്‍ സാധിക്കും,” അദ്ദേഹം ചോദിച്ചു.

എന്നാല്‍ ഒരു മതവിഭാഗക്കാരുടേയും പേര് ബില്ലില്‍ എടുത്തുപറഞ്ഞിട്ടില്ലെന്നും എല്ലാ മത വിഭാഗക്കാരേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു അമിത് ഷായുടെ മറുപടി. ഇത്തരമൊരു നിയമത്തില്‍ നിന്നും നമ്മുടെ രാജ്യത്തെയും ആഭ്യന്തരമന്ത്രിയെയും കൂടി രക്ഷിക്കണമെന്നുമായിരുന്നു എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.