
സ്വന്തം ലേഖകൻ: കാലാവസ്ഥാ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച് ആർട്ടിക് മേഖലയിൽ അസാധാരണമായി കാറ്റും ഇടിമിന്നലും. സൈബീരിയ മുതൽ അലാസ്ക വരെ നീണ്ടുകിടക്കുന്ന ആർട്ടിക് മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കാറ്റും മിന്നലുമുണ്ടായി. ഇത്തരമൊരു പ്രതിഭാസം മുൻപു കണ്ടിട്ടില്ലെന്നും കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷം ചൂടുപിടിക്കുന്നതാണ് ഇതിനു കാരണമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
മഞ്ഞു മൂടിയ ആർട്ടിക് സമുദ്രത്തിൽ മിന്നലിനുള്ള വിദൂരസാധ്യതപോലുമില്ലാത്തതാണ്. എന്നാൽ, അന്തരീക്ഷോഷ്മാവ് വർധിച്ചതോടെ മേഖലയിലെ വായു മിന്നൽചാലകമായി മാറുകയാണ്. ഇനിയങ്ങോട്ട് ഈ മേഖലയിൽ കാറ്റും മിന്നലുമൊക്കെ സാധാരണയായി മാറുമെന്നും ശാസ്ത്രജ്ഞർ ശങ്കിക്കുന്നു.
2010 മുതൽ ഗ്രീഷ്മകാലത്ത് ആർട്ടിക്കിൽ മിന്നലുകൾ ഉണ്ടാകുന്നുണ്ട്. എന്നാൽ, ഇപ്പോൾ അതിന്റെ ശക്തിയും വ്യാപ്തിയും വർധിച്ചുവരികയാണ്. സൈബീരിയയിലാണു മിന്നൽ ശക്തമായിട്ടുള്ളത്. കഴിഞ്ഞയാഴ്ച മിന്നലേറ്റുണ്ടായ കാട്ടുതീ സൈബീരിയയിൽ 20 ലക്ഷം ഏക്കർ ഭൂമിയിൽ നാശം വിതച്ചു. ജൂണിൽ അലാസ്കയിലെ തുന്ദ്ര മേഖലയിലെ 18,000 ഹെക്ടൽ വനത്തിനും കാട്ടുതീയിൽ നാശം സംഭവിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല