1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2020

സ്വന്തം ലേഖകൻ: വേനല്‍ക്കാലത്തും മഴപെയ്യിക്കാനുള്ള ശാസ്ത്രീയ രീതിയുടെ പരീക്ഷണം യുഎഇയില്‍ അന്തിമഘട്ടത്തില്‍ എന്ന് റിപ്പോര്‍ട്ട്. മഴമേഘങ്ങൾ കൃത്രിമമായി സൃഷ്ടിക്കാനുള്ള ഗവേഷണം പുരോഗമിക്കുന്നതിനിടെ, കൂടുതൽ രാസസംയുക്തങ്ങൾ മഴമേഘങ്ങളിൽ വിതറി മഴ ലഭ്യത കൂട്ടാനും സാധാരണ മേഘത്തെ മഴമേഘമാക്കി മഴപെയ്യിക്കാനും കഴിയുമെന്നാണു പ്രതീക്ഷ.

പരമ്പരാഗത രാസമിശ്രിതങ്ങളിൽ അൽപം മാറ്റം വരുത്തിയാൽ മഴ ലഭ്യത കൂട്ടാമെന്നാണ് പുതിയ കണ്ടെത്തൽ. പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്നീഷ്യം, മറ്റു രാസഘടങ്ങൾ എന്നിവയുടെ പ്രത്യേക അനുപാതത്തിലുള്ള മിശ്രിതമാണ് വിതറുക. ക്ലൗഡ് സീഡിങ്ങിന്‍റെ നിലവിലുള്ള രീതി പരിഷ്കരിക്കാനും പദ്ധതിയുണ്ട്. വിമാനത്തിലെ സംഭരണിയിൽ ഉന്നതമർദത്തിൽ സൂക്ഷിക്കുന്ന രാസ മിശ്രിതങ്ങൾ മേഘങ്ങളിൽ വിതറിയാൽ ഇതു പാഴാകാനുള്ള സാധ്യത കുറയുമെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മേഘങ്ങളെക്കുറിച്ചു മനസിലാക്കാന്‍ ശാസ്ത്രസംഘം 12 വ്യോമദൗത്യം നടത്തി കഴിഞ്ഞു. ഗവേഷണങ്ങളിൽ നിന്നു ലഭിച്ച വിവരങ്ങൾ ആശാവഹമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ റൊളോഫ് ബ്രൂൺജസ് പറഞ്ഞു. യുഎഇയിൽ നവംബർ മുതൽ ഏപ്രിൽ വരെയാണ് മഴക്കാലം. മേയ് മുതൽ സെപ്റ്റംബർ വരെ ചിലമേഖലകളിൽ നേരിയതോതിൽ മഴ ലഭിക്കാറുണ്ട്. ഈ സമയം പരമാവധി ഉപയോഗപ്പെടുത്തിയാണ് ഗവേഷണം പുരോഗമിക്കുന്നത്.

ക്ലൗഡ് സീഡിങ്ങ് എന്ന് അറിയിപ്പെടുന്ന രീതിയുടെ പരിഷ്കരണമാണ് ശാസ്ത്ര സംഘം ഉദ്ദേശിക്കുന്നത്. മഴമേഘങ്ങളിൽ നിന്നു പരമാവധി മഴ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടുണ്ട്. മേഘങ്ങൾക്കു സ്വാഭാവികമായി നൽകാനാവുന്ന മഴയുടെ അളവ് കൂട്ടിക്കൊണ്ടുവരാൻ ക്ലൌഡ് സീഡിങ്ങിലൂടെ കഴിയുന്നു.

സാധാരണ മഴമേഘത്തിൽ നിന്ന് 40 മുതൽ 50% വരെ മഴ ലഭിക്കാമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ക്ലൗഡ് സീഡിങ്ങിലൂടെ ഇതു 15 മുതൽ 30% വരെ വർധിപ്പിക്കാം. ക്ലൗഡ് സീഡിങ്ങിലൂടെ കഴിഞ്ഞദിവസങ്ങളിൽ രാജ്യത്ത് മഴലഭ്യത 35% വർധിപ്പിക്കാൻ കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.