1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2021

സ്വന്തം ലേഖകൻ: യൂറോ കപ്പിലെ വാര്‍ത്താ സമ്മേളനത്തിനിടെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തനിക്ക് മുന്നിലിരുന്ന കൊക്കോ കോള കുപ്പികള്‍ എടുത്തുമാറ്റിയത് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തി കൊക്കോ കോള കമ്പനിക്കും വലിയ നഷ്ടമുണ്ടാക്കി. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കമ്പനിയുടെ വിപണി മൂല്യത്തില്‍ 520 കോടി ഡോളറിന്റെ ഇടിവുണ്ടായി.

ചൊവ്വാഴ്ച നടന്ന പോര്‍ച്ചുഗല്‍-ഹംഗറി മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് തനിക്ക് മുമ്പിലിരുന്ന രണ്ട് കൊക്കോ കോള ശീതളപാനീയ കുപ്പികള്‍ റൊണാള്‍ഡോ എടുത്തുമാറ്റിയത്. സമീപമുള്ള വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടി വെള്ളമാണ് കുടിക്കേണ്ടതെന്നും റൊണാള്‍ഡോ ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.

യുറോ കപ്പിലെ ഔദ്യോഗിക സ്‌പോണ്‍സര്‍ കൂടിയാണ് കൊക്കോ കോള. റൊണാള്‍ഡോയുടെ വൈറലായ വാര്‍ത്താ സമ്മേളനം നടക്കുന്നതിന് മുമ്പ് കമ്പനിയുടെ ഓഹരി വില 73.02 ഡോളറായിരുന്നു. എന്നാല്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞതിന് പിന്നാലെ ഇത് 71.85 ഡോളറായി കുറഞ്ഞു. 1.6 ശതമാനത്തിന്റെ ഇടിവ് മൂലം കൊക്കോ കോളക്കുണ്ടായ നഷ്ടം 520 കോടി ഡോളറും.

ജങ്ക് ഫുഡുകളോടുള്ള താത്പര്യമില്ലായ്മ ക്രിസ്റ്റ്യാനോ നേരത്തേയും പ്രകടമാക്കിയിട്ടുണ്ട്. തന്റെ മകന്‍ ഫാന്റയും കൊക്കോ കോളയും കുടിക്കുമെന്നും ക്രിസ്പി ഭക്ഷണം കഴിക്കുമെന്നും എന്നാല്‍ തനിക്ക് അത് ഇഷ്ടമല്ലെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.