1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2017

സ്വന്തം ലേഖകന്‍: കൊളംബിയയില്‍ പേമാരി, ഒറ്റ രാത്രികൊണ്ട് പെയ്തത് 130 മില്ലീ മീറ്റര്‍ മഴ, മണ്ണിടിച്ചിലിലും പ്രളയത്തിലും മരണം 250 കവിഞ്ഞു. ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ മൊക്കോവ പട്ടണത്തിലാണ് പേമാരിയും പ്രളയവും മണ്ണിടിച്ചിലും കൂടുതല്‍ നാശം വിതച്ചത്. 254 പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകളെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തോരാമഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകി വീടുകളും വാഹനങ്ങളും ഒലിച്ചു പോവുകയായിരുന്നു.

പലരും ഉറക്കത്തിലായിരിക്കെയാണ് പ്രളയമെത്തിയത് എന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധത്യയെന്ന് രക്ഷാപ്രവര്‍ത്തക് പറയുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്റോസ് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രദേശത്തെത്തിയ പ്രസിഡന്റ് ജനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് അറിയിച്ചു. ഒരു മാസം ലഭിക്കേണ്ട മഴയുടെ 30 ശതമാനത്തിലേറെ ഒറ്റ രാത്രിയില്‍ പെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

220 പേരെ കാണാതായതായും 400 ലേറെ പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രദേശത്ത് വൈദ്യുതി നിലച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ പല പ്രദേശങ്ങളും പൂര്‍ണമായും ഒലിച്ചുപോയതായി റിപ്പോര്‍ട്ടുണ്ട്. വന്‍മരങ്ങളും കല്ലുകളും മൊക്കോവ പട്ടണത്തിലെ തെരുവുകളില്‍ നിറഞ്ഞു കിടക്കുന്ന ചിത്രങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

ദുരന്തം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നുള്ള അഭ്യൂഹം പരന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മാസങ്ങളിലായി നിരവധി ചെറിയ ഉരുള്‍പൊട്ടലുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒപ്പം കഴിഞ്ഞ ഒക്ടോബറില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 10 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇത്തവണ താണ്ഡവമാടിയ പ്രകൃതി 40,000 പേരൊളം താമസക്കാരായുള്ള മൊകോവ പട്ടണത്തെ പൂര്‍ണമായും തകര്‍ത്തു കളയുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.