1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2022

സ്വന്തം ലേഖകൻ: പുരുഷ ലോങ് ജമ്പിൽ വെള്ളി മെഡലുമായി ഇന്ത്യയുടെ മലയാളി താരം എം. ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസ് അരങ്ങേറ്റം ഉജ്വലമാക്കി. ഫൈനൽ റൗണ്ടിലെ രണ്ടാം ഊഴത്തിൽ ചാടിയ 8.08 മീറ്ററിന്റെ മികവിലാണ് മെഡൽ. രണ്ടാം സെറ്റിൽത്തന്നെ 8.08 മീറ്ററിലെത്തിയ ബഹാമസിന്റെ ലക്വാൻ നയേൺ സ്വർണവും 8.06 മീറ്ററുമായി ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വ്യൂറൻ വെങ്കലവും നേടി.

ഇന്ത്യയുടെ മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് (7.97) അഞ്ചാം സ്ഥാനത്തെത്തി. കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ലോങ് ജമ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ പുരുഷ അത് ലറ്റാണ് പാലക്കാട്ടുകാരൻ. ആദ്യ സെറ്റിൽ അനീസ് മൂന്നാമതും ശ്രീശങ്കർ നാലാമതുമാ‍യാണ് ചാടിയത്. അനീസിന്റെ തുടക്കം ഫൗളായപ്പോൾ ശ്രീയുടെത് 7.60 മീറ്റർ.

ഈ സെറ്റ് തീർന്നപ്പോൾ അഞ്ച് താരങ്ങൾ ശ്രീശങ്കറിന് മുകളിലുണ്ടായിരുന്നു. എല്ലാവരും പക്ഷെ എട്ട് മീറ്ററിന് താഴെ. രണ്ടാം സെറ്റിൽ അനീസ് 7.65ഉം ശ്രീശങ്കർ 7.84ഉം. ലക്വാനും (8.08) ജൊവാനും (8.06) എട്ടിന് മുകളിൽപോയി. മൂന്നാം സെറ്റിൽ അനീസ് 7.72ലേക്ക് ഉയർന്നപ്പോൾ ശ്രീ 7.84ൽ തുടർന്നു.

ഇന്ത്യൻ താരങ്ങൾ ആറും എട്ടും സ്ഥാനക്കാരായി ഫൈനൽ റൗണ്ടിൽ. എട്ട് പേരാണ് ഈ റൗണ്ടിലുണ്ടായിരുന്നത്. ഇതിന് തുടക്കമിട്ട് അനീസ് 7.74ലേക്ക് ചാടി. ശ്രീശങ്കറിന്റെത് പക്ഷെ ഫൗളായി. അടുത്ത ഊഴത്തിൽ അനീസ് ചാടിയത് 7.58 മീറ്ററെങ്കിൽ ഉജ്വല ഫോം വീണ്ടെടുത്ത് ശ്രീ 8.08 ചാടി വെള്ളി മെഡൽ സ്പോട്ടിലെത്തി. അവസാന ഊഴത്തിൽ അനീസ് 7.97ലേക്ക് മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് കയറി.

ടോപ്ത്രി റൗണ്ടിൽ ശ്രീ ശങ്കറും ലക്വാനും ജൊവാനും. ജൊവാന്റെ ആദ്യ ചാട്ടം ഫൗളായി. ശ്രീശങ്കറിന്റെതും ഫൗളിൽ കലാശിച്ചു. ലക്വാൻ 7.98ലും അവസാനിപ്പിച്ചു. പുരുഷ ഹെവിവെയ്റ്റ് പാരാ പവർലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ സുധീർ സ്വർണം നേടി. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം ആറായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.