1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2017

 

സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ തീരുമാനം, കുട്ടികള്‍ക്ക് നാലു വയസു മുതല്‍ ക്ലാസുകള്‍ നല്‍കും. ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ്. നാല് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ബന്ധങ്ങളെക്കുറിച്ചും സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രായത്തിന് അനുസൃതമായി ലൈംഗികതയെക്കുറിച്ചുള്ള പാഠങ്ങളും നല്‍കുന്ന പദ്ധതി ഉടന്‍ നിലവില്‍ വരും. നിലവിലുള്ള പാഠ്യപദ്ധതി കാലഹരണപ്പെട്ടതാണെന്നും ചെറുപ്പക്കാര്‍ ഇപ്പോള്‍ നേരിടുന്ന ഭീഷണികള്‍ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളവയല്ലെന്നും എംപിമാരും വിവിധ സംഘടനങ്ങളും ഏറെക്കാലമായി ഉയര്‍ത്തിക്കാണിക്കുന്ന പ്രശ്‌നമാണ്.

നിലവില്‍ കൌണ്‍സില്‍ സ്‌കൂളുകളില്‍ മാത്രമായിരുന്ന ലൈംഗിക വിദ്യാഭ്യാസ ക്ലാസുകള്‍ പ്രൈവറ്റ്, മാനേജ്‌മെന്റ്, ഫ്രീ സ്‌കൂളികളിലേക്കും വ്യാപിപ്പിക്കും. കുട്ടികളുടെ പ്രായത്തിനു യോജിച്ചവിധമുള്ള പാഠ്യവിഷയങ്ങളാകും ഇക്കാര്യത്തില്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുക. ആരോഗ്യകരമായ വ്യക്തിബന്ധങ്ങള്‍ വളര്‍ത്തുന്നതിനെക്കുറിച്ചും ശാരീരിക സുരക്ഷിതത്വം പാലിക്കപ്പെടുന്നതിനെക്കുറിച്ചും ചെറിയ ക്ലാസുകളില്‍ പഠിപ്പിക്കുമ്പോള്‍ സെക്സ്റ്റിങ്, ഓണ്‍ലൈന്‍ പ്രോണോഗ്രഫി, ലൈംഗിക പീഡനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ചര്‍ച്ച ചെയ്യും.

പാഠ്യപദ്ധതി തയാറാക്കുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം ആരായാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. 2019 സെപ്റ്റംബര്‍ മുതല്‍ പുതിയ പാഠ്യപദ്ധതി പ്രാബല്യത്തിലാക്കാനാണ് സര്‍ക്കാര്‍ ഉന്നം വക്കുന്നത്. ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയെങ്കിലും കുട്ടികളെ ഈ ക്ലാസുകളില്‍ ഇരുത്താതിരിക്കാനുള്ള രക്ഷിതാക്കളുടെ അവകാശം നിലനിര്‍ത്തിയിട്ടുണ്ട്. അധ്യപനം ഏതു തരത്തില്‍ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്. നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.