1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2023

സ്വന്തം ലേഖകൻ: രാഹുല്‍ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തെത്തിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും നിയമസഭകളിലും കോണ്‍ഗ്രസ് പ്രതിഷേധം.
രാഹുലിന്റെ ലോക്‌സഭാ മണ്ഡലമായിരുന്ന വയനാട്ടിലെ കല്‍പ്പറ്റയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ഡി.സി.സി. ഓഫീസില്‍നിന്ന് പ്രതിഷേധ പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ ബി.എസ്.എന്‍.എല്‍. ഓഫീസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. ഏറെനേരം ബി.എസ്.എന്‍.എല്‍. ഓഫീസിനു മുന്നില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് കല്‍പ്പറ്റ നഗരത്തില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ടി. സിദ്ദിഖ് എം.എല്‍.എ. ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

മധ്യപ്രദേശില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ തടഞ്ഞു. ഭോപ്പാലിലെ റാണി കമലാപതി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ദക്ഷിണ്‍ എക്‌സ്പ്രസ് ട്രെയിനാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. പ്രവര്‍ത്തകര്‍ റെയില്‍പാളത്തിലും ട്രെയിനിന് മുകളിലുമായി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര നിയമസഭയില്‍നിന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയ തീരുമാനത്തെ അപലപിക്കുന്നുവെന്നും അതില്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാനാ പടോലെ പറഞ്ഞു. എന്‍.സി.പിയില്‍നിന്നും ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറേ) എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്നീട് പ്രതിഷേധിച്ചു.

ബിഹാറില്‍ ഭരണകക്ഷിസഖ്യത്തിലെ ജെ.ഡി.യു. ഒഴികെയുള്ള പാര്‍ട്ടികള്‍ നിയമസഭാ പരിസരത്ത് പ്രതിഷേധ മാര്‍ച്ച് നടത്തി. ആര്‍.ജെ.ഡി., കോണ്‍ഗ്രസ്, സി.പി.ഐ.(എം.എല്‍.) ലിബറേഷന്‍, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ഗുജറാത്തിലെ 19 ജില്ലാ ആസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിശ്ശബ്ദ പ്രതിഷേധം സംഘടിപ്പിച്ചു.

സംസ്ഥാനത്തെ 33 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി വക്താവ് ഹിരേന്‍ ബങ്കര്‍ പറഞ്ഞു. 2019-ല്‍ കര്‍ണാടകയിലെ കോളാറില്‍ നടത്തിയ പ്രസംഗത്തിനിടയിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് സൂറത്ത് കോടതി വ്യാഴാഴ്ച രാഹുലിന് രണ്ടുവര്‍ഷത്തെ തടവ് വിധിച്ചത്. ഇതിന് പിന്നാലെയാണ് എം.പി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ അയോഗ്യനാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.