1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2021

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയുടെ എംപി ഡേവിഡ് അമെസിനെ (69) കുത്തിക്കൊന്ന സംഭവം ഭീകരാക്രമണമാണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. മതതീവ്രവാദ ബന്ധമുണ്ടെന്നു പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടതായി മെട്രോപ്പൊലിറ്റൻ പൊലീസ് അറിയിച്ചു.

അറസ്റ്റിലായ യുവാവ് (25) സൊമാലി വംശജനായ ബ്രിട്ടിഷ് പൗരനാണ്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുറ്റകൃത്യം ഇയാൾ തനിച്ചു ചെയ്തതാണെന്ന നിഗമനത്തിലാണു പൊലീസ് അന്വേഷണം തുടരുന്നത്. എന്നാൽ ഇതിലേക്കു നയിച്ച സാഹചര്യങ്ങൾ തീവ്രവാദ സാധ്യതകളിലേക്കാണു വിരൽചൂണ്ടുന്നത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടിടങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തി. കൗണ്ടർ ടെററിസം സ്ക്വാഡിനാണ് അന്വേഷണച്ചുമതല.

ലണ്ടനിൽ നിന്ന് 62 കിലോമീറ്റർ അകലെ, എസക്സിലുള്ള ലേ ഓൺ സീ എന്ന ടൗണിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മണ്ഡലത്തിലെ ജനസമ്പർക്ക പരിപാടിക്കിടെ ആക്രമണം ഉണ്ടായത്. വോട്ടർമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പ്രതി എംപിയെ പലവട്ടം കുത്തിയത്.

അമെസിന്റെ സംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ, പ്രതിപക്ഷനേതാവും ലേബർ പാർട്ടി നേതാവുമായ കെയ്ർ സ്റ്റാർമർ, ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ എന്നിവർ എത്തി. എംപിമാർക്കുള്ള സംരക്ഷണം ശക്തിപ്പെടുത്തുമെന്ന് പ്രീതി പട്ടേൽ പറഞ്ഞു. എസക്സിലെ സൗത്തെൻഡ് വെസ്റ്റ് എംപിയായിരുന്നു അമെസ്. പ്രീതി പട്ടേലും എസെക്സിൽ നിന്നാണു ജയിച്ചത്.

അതേസമയം പാർലമെൻറിൽ മലയാളികളുടെ ശബ്ദമായി മാറിയ ഡേവിഡ് അമേസ് എം.പിയുടെ അകാലത്തിലുള്ള വിയോഗത്തിൻ്റെ ഞെട്ടലിലാണ് സൗത്തെൻഡ് വെസ്റ്റ് മണ്ഡലത്തിലെ സമ്മതിദായകർ. സർ ഡേവിഡിൻ്റെ അമേസിൻ്റെ ആകസ്മിക വേർപാടിൻ്റെ ആഘാതത്തിൽ നിന്നും മലയാളികൾ ഉൾപ്പെടെയുള്ള ഇവിടെയുള്ളവർ ഇനിയും മുക്തരായിട്ടില്ല.

രണ്ടു പതിറ്റാണ്ടിലേറെയായി സൗത്തെൻഡ് വെസ്റ്റ് പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡേവിഡ് അമേസ് സൗത്തെന്റിലെ മലയാളീ സമൂഹത്തിന്റെ പ്രിയങ്കരൻ ആയിരുന്നു. സൗത്തെൻഡിലെ അനുദിനം വളരുന്ന മലയാളി സമൂഹത്തിലെ ഭൂരിഭാഗം ആൾക്കാരും സൗത്തെൻഡ് വെസ്റ്റിലെ വോട്ടർമാർ ആണ്.

2008 ലെ കുടിയേറ്റ നിയമത്തിലെ പൊളിച്ചെഴുത്തിലൂടെ പി ആർ നിയമങ്ങൾ സാമ്പത്തിക കുടിയേറ്റക്കാർക്ക് വളരെ പ്രതികൂലമാകുന്ന ഘട്ടത്തിൽ സൗത്തെൻ്റ് മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ മലയാളി സമൂഹത്തിന്റെ നിവേദനം സർ ഡേവിഡിന് സമർപ്പിക്കുകയുണ്ടായി. നിവേദനംഅദ്ദേഹം പാർലമെന്റിൽ അവതരിപ്പിക്കുക വഴി യുകെ മലയാളികളുടെ ആകെ ശബ്ദമായി ഡേവിഡ് അമേസ് മാറിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.