സ്വന്തം ലേഖകൻ: വിവാദപരാമര്‍ശങ്ങളിലൂടെ പാര്‍ട്ടിയെ വെട്ടിലാക്കി ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിത്രോദ. വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍ ചൈനക്കാരെ പോലെയും തെക്കേ ഇന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണെന്നുമാണ് സാം പിത്രോദ അഭിപ്രായപ്പെട്ടത്.
ഇന്ത്യയുടെ വൈവിധ്യങ്ങളെ കുറിച്ചുള്ള ഒരു ഇംഗ്ലീഷ് മാധ്യമത്തിന്റെ ചോദ്യത്തിനാണ് അദ്ദേഹം വിവാദപരമായ മറുപടി നല്‍കിയത്. പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ യൂറോപ്പുകാരെപോലെയും ആണെന്നും പിത്രോദ പറഞ്ഞിരുന്നു.
പിത്രോദയുടെ പ്രസ്താവനയ്ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വിവിധ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിത്രോദ തെക്കേ ഇന്ത്യക്കാരെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്നും ചര്‍മ്മത്തിന്റെ നിറമാണോ പൗരത്വം നിര്‍ണയിക്കുന്നതെന്നും മോദി ചോദിച്ചു. കറുത്ത നിറമുള്ള കൃഷ്ണനെ ആദരിക്കുന്നവരാണ്. പിത്രോദയുടെ പ്രസ്താവനയില്‍ രാഹുല്‍ മറുപടി പറയണമെന്നും മോദി പറഞ്ഞു.
ഇത് വംശീയപരവും രാജ്യത്തെ ഭിന്നിപ്പിക്കുന്നതുമാണെന്ന് ബിജെപി നേതാവും നടിയും ലോക്സഭ സ്ഥാനാര്‍ഥിയുമായ കങ്കണ റണാവത്ത് പ്രതികരിച്ചു. പിത്രോദയ്ക്കെതിരേ കേസ് എടുക്കുമെന്ന് ആസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശര്‍മയും മണിപ്പുര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗും പ്രതികരിച്ചു.
അദ്ദേഹത്തിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് ശിവസേന യുബിടി നേതാവ് പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കി. പിത്രോദയുടെ പ്രസ്താവന കോണ്‍ഗ്രസും തള്ളി. പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസിന്റെ നിലപാട് അല്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. നേരത്തെ, അമേരിക്കയിലേതുപോലെ ഇന്ത്യയിലും പാരമ്പര്യ സ്വത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന പിത്രോദയുടെ പ്രസ്താവനയും വലിയ വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല