
സ്വന്തം ലേഖകൻ: ആഗോള താപനം നേരിടാനുള്ള പദ്ധതികൾക്ക് രൂപം നൽകാനുള്ള കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് 26) ഔപചാരിക തുടക്കം. ഈ മാസം 12വരെ നീളുന്ന ഉച്ചകോടിയിൽ ഇരുന്നൂറോളം രാജ്യങ്ങൾ പങ്കെടുക്കും. ലോകനേതാക്കൾ പങ്കെടുക്കുന്ന സമ്മേളനം ഇന്നും നാളെയും നടക്കും. കോവിഡ് മൂലം മരിച്ചവർക്കുവേണ്ടി ഒരു നിമിഷം മൗനം ആചരിച്ചാണു സമ്മേളനം ആരംഭിച്ചത്.
ബേസിക് രാജ്യങ്ങളെന്ന് വിശേഷിപ്പിക്കുന്ന നാല് രാജ്യങ്ങളിൽ ഒന്നായ ഇന്ത്യ കാലാവസ്ഥാ പ്രതിരോധ ത്തിനായി ആദ്യംവേണ്ടത് ദീർഘകാല സാമ്പത്തിക മുന്നൊരുക്കമാണെന്ന നിലപാടാണ് മുന്നോട്ട് വക്കുന്നത്. ലോകരാജ്യങ്ങൾ തുകമുടക്കേണ്ട കർമ്മപദ്ധതിയുടെ മാർഗ്ഗരേഖയും ഇന്ത്യയാണ് അവതരിപ്പിക്കുന്നത്.
ഞായറാഴ്ച ഗ്ലാസ്‌ഗോയില്‍ എത്തിയ പ്രധാനമന്ത്രി മോദിയ്ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി മോദി സുപ്രധാന ചര്‍ച്ച നടത്തും. കൊവിഡ് മഹാമാരി മൂലം ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം രണ്ട് തവണ റദ്ദാക്കിയ ശേഷം ആദ്യമായാണ് മോദി- ബോറിസ് കൂടിക്കാഴ്ച നടക്കുന്നത്. ഗ്ലാസ്‌ഗോയിലെ ഹോട്ടലില്‍ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വലിയൊരു ഇന്ത്യന്‍ സമൂഹം കാത്തുനിന്നിരുന്നു.
സ്‌കോട്ട്‌ലണ്ടിലെ കമ്മ്യൂണിറ്റി നേതാക്കളും, ഇന്‍ഡോളജിസ്റ്റുകളുമായി പ്രധാനമന്ത്രി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമാകും യുഎന്‍ ഫ്രേംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞിന്റെ 26-ാമത് ഉച്ചകോടിയില്‍ പങ്കെടുക്കുക. പ്രതിനിധി സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇതിന് ശേഷമാകും ബോറിസ് ജോണ്‍സനുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തുക.
പിടിഐ റിപ്പോര്‍ട്ട് പ്രകാരം യുകെ- ഇന്ത്യ ക്ലൈമറ്റ് പാര്‍ട്ണര്‍ഷിപ്പിന്റെ പുരോഗതിയ്ക്ക് പുറമെ 2030ലെ യുകെ-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ശക്തിപ്പെടുത്താനും ചര്‍ച്ചകള്‍ നടത്തും. നവംബറില്‍ താല്‍ക്കാലിക കരാറില്‍ ചര്‍ച്ചകള്‍ ആരംഭിച്ച് 2022 മാര്‍ച്ചില്‍ കരാര്‍ ഒപ്പുവെയ്ക്കാനും, 2022 നവംബറില്‍ സമ്പൂര്‍ണ്ണ കരാര്‍ ഒപ്പിടാനും കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യുകെയിലെ ഇന്ത്യാ ഹൈക്കമ്മീഷണര്‍ ഗായിത്രി ഇസാര്‍ കുമാര്‍ പറഞ്ഞു.
ലോകരാജ്യങ്ങളെല്ലാം തതുല്യമായി സാമ്പത്തിക പിന്തുണനൽകണം. ലോകത്തിനാവശ്യമായ എല്ലാ സാധനങ്ങളുടേയും നിർമ്മാണം നടക്കുന്ന മേഖലയാണ് ഇന്ത്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ. അതിനാൽ അവിടെയുണ്ടാകുന്ന നിയന്ത്രണങ്ങൾക്ക് പരിഹാരമാകുന്ന വിധത്തിലുള്ള കർമ്മപദ്ധതിക്കായി ശാസ്ത്രരംഗവും മുന്നിട്ടിറ ങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
സമാനചിന്താഗതിക്കാരുമായി ഒരു കുടക്കീഴിൽ നിന്ന് കാലാവസ്ഥാ ഫണ്ടിനും മാലിന്യ രഹിത സാങ്കേതിക വിദ്യയ്ക്കും വേണ്ടി ഇന്ത്യ വാദിക്കുന്നു. ഈ കൂട്ടത്തിൽ ചൈന, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളുമുണ്ട്. ഏറ്റവും കൂടുതൽ മലിനീകരണത്തിന് ഇടവരുത്തുന്ന രാജ്യങ്ങളെന്ന ആരോപണം കേൾക്കുന്ന ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ തലവൻമാരായ ഷി ചിൻപിങ്ങിന്റെയും വ്ലാഡിമിർ പുടിന്റെയും അഭാവം ഉച്ചകോടിയിലുണ്ടാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല