
സ്വന്തം ലേഖകൻ: കാലാവസ്ഥാ ഉച്ചകോടിയുടെ അന്തിമ പ്രമേയത്തിന് ഒടുവിൽ അംഗീകാരം. കൽക്കരി നിലയങ്ങൾ പൂർണമായും നിർത്തലാക്കണമെന്ന നിർദേശത്തോട് അവസാന നിമിഷം ഇന്ത്യ മുന്നോട്ടു വച്ച എതിർപ്പ് പ്രമേയത്തിന് അംഗീകാരം നൽകുന്നതിന് തടസ്സമായി, കൽക്കരി നിലയങ്ങൾ പൂർണമായും നിർത്തലാക്കുക എന്നതിനു പകരം സമയബന്ധിതമായി നിർത്തലാക്കും എന്ന വാക്ക് പ്രമേയത്തിലുൾപ്പെടുത്തണമെന്ന് ഇന്ത്യ നിർദേശിച്ചു.
താപനില വ്യവസായവൽക്കരണത്തിനു മുൻപുണ്ടായിരുന്ന നിലയിലേക്ക് താഴ്ത്തണമെന്ന നിർദേശം ഒട്ടേറെ രാജ്യങ്ങൾ ആവർത്തിച്ചെങ്കിലും അതിനുള്ള പണം എങ്ങനെ എന്നതിൽ വ്യക്തതയില്ല. പെട്രോളിയം ഇന്ധനങ്ങൾ ഘട്ടംഘട്ടമായി കുറയ്ക്കണമെന്നും കൽക്കരി നിലയങ്ങൾ ഉപേക്ഷിക്കണമെന്നുമുള്ള നിർദേശങ്ങൾ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് തുടക്കം മുതൽ പൂർണസ്വീകാര്യമായില്ല. 200 അംഗങ്ങളുടെയും അഭിപ്രായഐക്യം ഉണ്ടായെങ്കിലേ അന്തിമ പ്രമേയം അംഗീകരിക്കപ്പെടുകയുള്ളു എന്നതിനാലാണ് പ്രമേയം വൈകിയത്.
താപനിലയങ്ങളും സബ്സിഡി കുറയ്ക്കലും സംബന്ധിച്ച കരടിലെ 20–ാം ഖണ്ഡികയും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുളള നഷ്ടങ്ങളും ദോഷങ്ങളും സംബന്ധിച്ച 36–ാം ഖണ്ഡികയുമാണ് ഇന്ത്യ എതിർത്തത്. വികസിത രാജ്യങ്ങൾക്കൊപ്പമെത്താൻ പരിശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഉടൻ ഇവ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൽക്കരി ഉപയോഗം പൂർണമായും നിർത്തി പുനരുപയോഗ ഊർജ സ്രോതസുകളിലേക്കു മാറണമെന്നതിലും ഇന്ത്യ വിയോജിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല