1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2021

സ്വന്തം ലേഖകൻ: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന പോരാട്ടത്തിനൊടുവില്‍ ബ്രസീല്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അര്‍ജന്റീന.

22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്. 1993-നുശേഷമുള്ള അര്‍ജന്റീനയുടെ കിരീട നേട്ടമാണിത്. ടീമിന്റെ 15-ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറഗ്വായുടെ നേട്ടത്തിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി.

അര്‍ജന്റീന ജേഴ്‌സിയില്‍ ഒരു കിരീടമെന്ന ലയണല്‍ മെസ്സിയുടെ കാത്തിരിപ്പും ഇതോടെ അവസാനിച്ചു. ബ്രസീലിന്റെ മണ്ണില്‍ തന്നെ കിരീടം നേടാനും ടീമിനായി. ഗോള്‍കീപ്പര്‍ എമിലിയാനോ മാർട്ടിനെസിന്റെ മികവും വിജയത്തിൽ നിർണായകമായി. 2004 ലും 2017 ലും ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയ ബ്രസീലിന് ഇത്തവണ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല.

മത്സരത്തിന്റെ നിയന്ത്രണം ആദ്യം തന്നെ ഏറ്റെടുത്തത് ബ്രസീലായിരുന്നു. ആദ്യ 15 മിനിറ്റ് ഇരു ടീമും പരുക്കന്‍ കളി പുറത്തെടുത്തു. നിരവധി ഫൗളുകളാണ് ഈ സമയത്ത് ഉണ്ടായത്. പിന്നീട് പതിയെ താളം കണ്ടെത്തിയ അര്‍ജന്റീന 22-ാം മിനിറ്റില്‍ മുന്നിലെത്തി. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍.

പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ബ്രസീലിന് സാധിച്ചില്ല. 29-ാം മിനിറ്റില്‍ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് മാര്‍ക്കിന്യോസ് തടഞ്ഞു. 33-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു.

രണ്ടാം പകുതിയില്‍ ഫ്രെഡിനെ പിന്‍വലിച്ച് റോബര്‍ട്ടോ ഫിര്‍മിനോയെ കളത്തിലിറക്കിയതോടെ ബ്രസീല്‍ ആക്രമണങ്ങള്‍ക്ക് ജീവന്‍ വെച്ചു. 52-ാം മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. 54-ാം മിനിറ്റില്‍ റിച്ചാര്‍ലിസന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷകനായി. 87-ാം മിനിറ്റില്‍ ഗബ്രിയേല്‍ ബാര്‍ബോസയുടെ ഗോളെന്നുറച്ച വോളിയും എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി വിജയം ഉറപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.