സ്വന്തം ലേഖകന്‍: ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ കെട്ടുകെട്ടിച്ചു കോപ്പ അമേരിക്ക ആതിഥേയരായ ചിലി സ്വന്തമാക്കി. ഷൂട്ടൗട്ടില്‍ 41 നാണ് ചിലിയുടെ വിജയം. ഇത് ആദ്യമായാണ് ചിലെ കോപ്പ അമേരിക്ക കിരീടം നേടുന്നത്. ആര്‍ത്തിരമ്പുന്ന നാട്ടുകാര്‍ക്ക് മുന്നില്‍ കളം നിറഞ്ഞു കളിച്ച ചിലെക്ക് മുന്നില്‍ അര്‍ജന്റീനയുടെ കളിക്കാര്‍ വട്ടംതിരിയുകയായിരുന്നു.
കളിയുടെ തുടക്കം മുതല്‍ ഗോള്‍ മുഖത്തേക്ക് പാഞ്ഞടുത്ത ചിലെയുടെ മുന്നേറ്റനിരയെ പിടിച്ചുകെട്ടാന്‍ അര്‍ജന്റീനിയന്‍ പ്രതിരോധം നന്നെ പാടുപെട്ടു. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ മെസി നല്‍കിയ പാസില്‍ മികച്ചൊരു അവസരം ലഭിച്ചെങ്കിലും അഗ്യൂറോയ്ക്ക് മുതലാക്കാനായില്ല. 10 മത്തെ മിനിറ്റില്‍ ഗോളടിക്കാന്‍ ചിലിക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും അര്‍ത്യൂറോ വിദലിന്റെ ഷോട്ട് അര്‍ജന്റീന ഗോളി സെര്‍ജിയോ റൊമേരോ പറന്ന് തട്ടിയകറ്റി.
ആദ്യ പകുതിയിലെ അധികസമയത്ത് അര്‍ജന്റീനയ്ക്ക് ലഭിച്ച മികച്ചൊരു അവസരം ലക്ഷ്യം കാണാതെ പോയി. ലെവസിയുടെ ഷോട്ട് ചിലി ഗോള്‍കീപ്പര്‍ അതിസമര്‍ഥമായി രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍മാരുടെ മികച്ച സേവുകള്‍ രക്ഷക്കെത്തുകയായിരുന്നു. അര്‍ജന്റീനയ്ക്ക് വേണ്ടി ലെവസിയും അഗ്യൂറോയും ചിലി ഗോള്‍വലയം ലക്ഷ്യമിട്ട് പന്തടിച്ചപ്പോള്‍ വിദാലിന്റെയും സാഞ്ചസിന്റെയും മുന്നേറ്റം അര്‍ജന്റീന ഗോള്‍കീപ്പറും തകര്‍ത്തു.
രണ്ടാം പകുതിയിലും കളിയും മുന്നേറ്റങ്ങളും ചിലെയുടെ ഭാഗത്തുതന്നെയായിരുന്നു. ഫിനിഷിങ്ങിലെ പരാജയം കൊണ്ടും നിര്‍ഭാഗ്യം കൊണ്ടും രണ്ടാം പകുതിയിലും ഗോള്‍ പിറക്കാതെ പോയി. രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമില്‍ മെസിയുടെ മുന്നേറ്റം ഗോളില്‍ അവസാനിക്കുമെന്ന് ഏറെകുറെ ഉറപ്പായിരുന്നു. എന്നാല്‍ ലെവസിക്ക് പന്തു വലയിലാക്കാന്‍ സാധിച്ചില്ല. 90 മിനിറ്റിലും ഇരുടീമുകളും ഗോളടിക്കാതെ വന്നതോടെ മല്‍സരം അധികസമയത്തേക്ക് നീണ്ടു.
അധികസമയത്തും ഗോളൊന്നും വീഴാതെ വന്നതോടെ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല