1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2015

സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ഇക്വഡോറിന് ബൊളീവിയന്‍ ഷോക്ക്. ദുര്‍ബലരെന്ന് മുദ്രകുത്തപ്പെട്ട ബൊളീവിയ കരുത്തരായ ഇക്വഡോറിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടു. ബൊളീവിയ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.

ആദ്യ മല്‍സരത്തില്‍ അവര്‍ ശക്തരായ മെക്‌സിക്കോയെ സമനിലയില്‍ തളച്ചിരുന്നു. പല വമ്പന്‍മാരേയും മുട്ടുകുത്തിച്ച ചരിത്രമുള്ള ബൊളീവിയ ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോള്‍ നേടി ഇക്വഡോറിനെ ഞെട്ടിച്ചു. സന്നാഹമല്‍സരത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോളിനു പരാജയപ്പെട്ട ടീമാണ് ബൊളീവിയ.

31 മത്തെ റാങ്കിലുള്ള ഇക്വഡോറിനെതിരെ 89 മത്തെ റാങ്കുകാരായ ബൊളീവിയ ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോള്‍ അടിച്ച് നയം വ്യക്തമാക്കി. കളി തുടങ്ങി അഞ്ചാം മിനുറ്റില്‍ തന്നെ പ്രതിരോധ നിരയിലെ റൊണാള്‍ഡ് റാല്‍ഡസ് ഇക്വഡോര്‍ വല ചലിപ്പിച്ചു. സ്‌മെഡ്ബര്‍ഗ് എടുത്ത കോര്‍ണര്‍ കിക്ക് റാല്‍ഡസ് സുന്ദരമായി വലയിലെത്തിക്കുകയായിരുന്നു.

പതിനെട്ടാം മിനുറ്റിലായിരുന്ന ബൊളീവിയയുടെ രണ്ടാം ഗോള്‍. മാര്‍ട്ടിന്‍ സ്‌മെഡ്ബര്‍ഗ് ഡാലന്‍സാണ് രണ്ടാം ഗോള്‍ നേടിയത്. ഇതിനിടെ ഇക്വഡോറിനു നിരവധി തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. മുപ്പത്തിയെട്ടാം മിനുറ്റില്‍ ഇക്വഡോറിനു ഒരു പെനല്‍റ്റി കിട്ടിയെങ്കിലും പാഴായി.

ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് ബൊളീവിയ മൂന്നാം ഗോളും അടിച്ചത്. 43 മത്തെ മിനിറ്റില്‍ പെനല്‍റ്റി കിക്കിലൂടെയാണ് ബൊളീവിയയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തിയത്. മാര്‍സലോ മാര്‍ട്ടിന്‍സ് മൊറാനോയാണ് കിക്കെടുത്ത് ഗോളാക്കിയത്.

മൂന്നു ഗോള്‍ വീണതോടെ രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച ഇക്വഡോര്‍ 48 മത്തെ മിനിറ്റില്‍ ആദ്യ ഗോള്‍ തിരിച്ചടിച്ചു. പെനല്‍റ്റി അവസരം നഷ്ടപ്പെടുത്തിയ ഇനര്‍ വലന്‍സിയ തന്നെയാണ് ഗോളടിച്ചത്. പിന്നീട് അവസാന മിനുറ്റുകളില്‍ ആക്രമണം ശക്തമാക്കിയ ഇക്വഡോര്‍ 81 മത്തെ മിനിറ്റില്‍ രണ്ടാം ഗോളും മടക്കി.

മൂന്നാം ഗോളും മടക്കി സമനിലയെങ്കിലും നേടാമെന്ന പ്രതീക്ഷയോടെ അവസാന പത്തു മിനുറ്റില്‍ ഇക്വഡോര്‍ താരങ്ങള്‍ പൊരുതിക്കളിച്ചെങ്കിലും ഭാഗ്യം ഇക്വഡോറിനെ കൈവിറുകയായിരുന്നു. ഈ ജയത്തോടെ ബൊളീവിയക്ക് നാല് പോയിന്റായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.