1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2022

സ്വന്തം ലേഖകൻ: ഡന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പിൽ 3 പേർ കൊല്ലപ്പെടുകയും നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന 22 കാരനായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് പൊലീസ് സുരക്ഷ ഏർപെടുത്തിയിരിക്കുകയാണ്. സ്ഥലത്തെ സ്ഥിതി ഗുരുതരമാണെന്നും വലിയ വെടിവെപ്പാണ് ഇവിടെ നടന്നതെന്നും കോപ്പൻഹേഗൻ മേയർ സോഫി ആൻഡേഴ്‌സൺ പറഞ്ഞു.

ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാൽ ഭീകരവാദ സാധ്യത തള്ളിക്കളയുന്നില്ലെന്നും ഭീകരവാദ പ്രവർത്തനത്തെ സംബന്ധിച്ച സൂചനകളൊന്നും തന്നെ ലഭ്യമായില്ലെന്നും പൊലീസ് മേധാവി സോറൻ തോമസ്സെൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട് കൗമാരക്കാർ ഉൾപ്പെടെ മൂന്ന് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. പ്രതിയെ മറ്റാരും സഹായിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വെടിവെപ്പ് നടക്കുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇത്തരം ദൃശ്യങ്ങൾക്ക് ആധികാരികതയുണ്ടെന്ന് പൊലീസ് വ്യകതമാക്കി. ദൃശ്യങ്ങളിൽ യുവാവ് തോക്കുമായി നിൽക്കുന്നത് കാണാമായിരുന്നു. ഇയാൾ കയ്യിലുള്ള തോക്കുവെച്ച് സ്വയം വെടിയുതിർക്കാൻ ശ്രമിക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഒറ്റരാത്രികൊണ്ടു തന്നെ പ്രതിയുടെതെന്ന് കരുതുന്ന യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ആക്കൗണ്ടുകളെല്ലാം പൊലീസ് മരവിപ്പിച്ചു. പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും പൊലീസ് സംശയിക്കുന്നു.

കോപ്പൻഹേഗനിലെ സിറ്റി സെന്ററിനും കോപ്പൻഹേഗൻ വിമാനത്താവളത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിങ്മാളിൽ ഞായറാഴ്ച ഉച്ചയോടുകൂടിയാണ് വെടിവെപ്പുണ്ടായത്. വെടിയുതിർത്തയാളുടെ കൈവശം റൈഫിൾ, പിസ്റ്റൾ, കത്തി എന്നിവയുണ്ടായിരുന്നു. രാജ്യത്ത് തോക്കുകൾ കൈവശം വെക്കുന്നത് നിയമാനുസൃതമാണെങ്കിലും പ്രതിയുടെ കൈവശം ഉണ്ടായിരുന്ന തോക്കിന് ലൈസൻസ് ഇല്ലായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും പൊലീസ് സംശയിക്കുന്നു. പ്രധാനമന്ത്രി മെറ്റ ഫെഡറിക്‌സൺ സംഭവത്തെ അപലപിച്ചു. കഴിഞ്ഞയാഴ്ച നോർവേയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.