1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2024

സ്വന്തം ലേഖകൻ: ആകാശയാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഋഷി സുനക്, രാജ്യത്തിനകത്തെ യാത്രകള്‍ക്കും വിമാനങ്ങളെ തന്നെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ട്രെയിനിലോ, റോഡ് മാര്‍ഗ്ഗമോ പോകേണ്ടതിനു പകരം ഋഷി പറക്കുന്ന സ്വകാര്യ വിമാനങ്ങള്‍ പലപ്പോഴും സമ്പന്നര്‍ സ്പോണ്‍സര്‍ ചെയ്യുന്നതായിരിക്കും എന്നും റിപ്പോര്‍ട്ടുകളൂണ്ട്. ആകാശയാത്ര പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും, തന്റെ ശതകോടീശ്വരന്‍ എന്ന പ്രതിച്ഛായ മാറ്റുവാന്‍ ചില നീക്കുപോക്കുകള്‍ക്ക് ഋഷി സുനക് തയ്യാറാവുകയാണ്.

കഴിഞ്ഞ ദിവസം ഇന്‍വേര്‍നെസ്സില്‍ ഋഷി എത്തിയതും ഒരു സ്വകാര്യ വിമാനത്തിലായിരുന്നു. എന്നാല്‍, ഈസ്റ്റേണ്‍ എയര്‍വേയ്‌സിന്റെ ജെറ്റ്‌സ്ട്രീം 41 ഒരു സാധാരണ വിമനമായിരുന്നു. ബിസിനസ്സ് ക്ലാസ്സ് , ഫസ്റ്റ് ക്ലാസ്സ് സീറ്റുകള്‍ ഇല്ലാതെ, 29 ഇക്കോണമി സീറ്റുകള്‍ മാത്രമുള്ള ഒരു സ്വകാര്യ വിമാനം. മാത്രമല്ല, ഈ വിമാനം നിര്‍മ്മിച്ചത് 1993 ല്‍ ആയിരുന്നെന്ന് രേഖകള്‍ കാണിക്കുന്നു. ആന്ന് ഋഷി സുനകിന്റെ പ്രായം 12 വയസ്സ് അല്ലെങ്കില്‍ 13 വയസ്സ്. ഈസ്റ്റേണിന്റെ വിമാനങ്ങളിലെ ഏറ്റവും ചെറിയ വിമാനം കൂടിയാണിത്. ഋഷിയുടെ ആഡംബര ജീവിതശൈലി സാധാരണക്കാരെ അകറ്റുകയേയുള്ളു എന്ന് അവസാനം ടോറി ഉപദേശകര്‍ തിരിച്ചറിഞ്ഞു എന്നായിരുന്നു ഇതിനെ കുറിച്ച് ലേബര്‍ പാര്‍ട്ടിയുടെ പ്രതികരണം.

അതേസമയം അഭിപ്രായ സര്‍വ്വേകളില്‍ ഇപ്പോഴും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നില ലേബര്‍ പാര്‍ട്ടിക്ക് ഏറെ പുറകിലാണ്. ഇന്നത്തെ നിലയില്‍, ഋഷിക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകുമെന്ന് പറയാന്‍ കടുത്ത പാര്‍ട്ടി ഭക്തന്മാര്‍ പോലും തയ്യാറാകുന്നില്ല. അതുകൊണ്ടു തന്നെ പല പ്രമുഖരും ഇത്തവണ മത്സരത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. മുന്‍ പ്രധാനമന്ത്രി തെരേസ മേ ആണ് മത്സരരംഗത്തും നിന്നും പിന്മാറുന്നതില്‍ പ്രമുഖ. അതു കൂടാതെ മൂന്ന് മുന്‍ ചാന്‍സലര്‍മാരും മത്സര രംഗത്ത് ഉണ്ടാകില്ല.

സജീദ് ജാവിദ്, നദീം സഹാവി, ക്വാസി ക്വാര്‍ടെംഗ് എന്നിവരാണ് ഇത്തവണ മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ച മുന്‍ ചാന്‍സലര്‍മാര്‍. മുന്‍ ഉപ പ്രധാനമന്ത്രിയും ഫോറിന്‍ സേക്രട്ടറിയുമായ ഡൊമിനിക് റബ്ബും മത്സരിക്കണമോ എന്ന സംശയത്തിലാണ്. ഇതുവരെ, മത്സരിക്കണ്ട എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. കോപ് 26 ന്റെ പ്രസിഡണ്ട് സര്‍ അലോക് ശര്‍മ്മ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സെക്രട്ടറി ക്രിസ് ഹീറ്റണ്‍, മുന്‍ ഹെല്‍ത്ത് സെക്രട്ടറിയും ഇപ്പോള്‍ സ്വതന്ത്ര എം പി യുമായ മാറ്റ് ഹാന്‍കോക്ക് എന്നിവരും തത്ക്കാലത്തേക്കെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനമെടുത്തവരില്‍ പെടും.

ഇതുവരെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍ വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വലിയ സാധ്യതയാണ് ഉള്ളത്. കീര്‍ സ്റ്റാര്‍മര്‍ നമ്പര്‍ 10 ലേക്ക് എത്തിച്ചേരും എന്ന് തന്നെയാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. സുനിശ്ചിത വിജയം എന്ന തിളക്കത്തില്‍ നില്‍ക്കുമ്പോഴും പാര്‍ട്ടിക്കകത്ത് ഉരുള്‍പൊട്ടലുകളും ആഭ്യന്തര കലഹങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും വലിയ തലവേദന ഉണ്ടാക്കുന്നത് പാര്‍ട്ടിയുടെ മുന്‍ നേതാവായ ജെറെമി കോര്‍ബിന്‍ ആണ്.

വരുന്ന തെരഞ്ഞെടുപ്പില്‍, ഒരിക്കല്‍ താന്‍ നയിച്ച പാര്‍ട്ടിക്കെതിരെ സ്വതന്ത്രനായി ജെറെമി കോര്‍ബിന്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. നേരത്തെ ജെറമി കോര്‍ബിന്‍ നേതവായിരുന്ന സമയത്തെ, യഹൂദ വിരുദ്ധതയുമായി ബന്ധപ്പെട്ട ഒരു സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ അന്ന് കോര്‍ബിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി അദ്ദേഹം ഒരു സ്വതന്ത്രനായിട്ടാണ് പാര്‍ലമെന്റില്‍ തുടരുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ഐലിംഗ്ടണ്‍ നോര്‍ത്ത് മണ്ഡലത്തില്‍ സ്ഥാനര്‍ത്ഥിയാകാന്‍ സാധ്യതയുള്ള രണ്ടു പേരുടെ പേരുകള്‍ പാര്‍ട്ടി പുറത്തു വിട്ടത്. 1983 മുതല്‍ ജെറെമി കോര്‍ബിന്‍ തുടര്‍ച്ചയായി പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണിത്. അപ്പോഴാണ് താന്‍ പാര്‍ട്ടിക്കെതിരെ മത്സരിച്ചേക്കും എന്ന സൂചനകള്‍ കോര്‍ബിന്‍ നല്‍കുന്നത്. മണ്ഡലത്തില്‍ തനിക്കുള്ള വ്യക്തിപരമായ ബന്ധങ്ങളും സ്വാധീനവും തനിക്കൊരു മുതല്‍ക്കൂട്ടാവും എന്നാണ് കോര്‍ബിന്‍ കരുതുന്നത്. കോര്‍ബിന്‍ മത്സരത്തിനിറങ്ങിയാല്‍ ഈ വടക്കന്‍ ലണ്ടനിലെ മണ്ഡലത്തില്‍ അത് ലേബര്‍ പാര്‍ട്ടിക്ക് കടുത്ത തലവേദന ആകുമെന്നതില്‍ സംശയമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.