1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2020

സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 425 ആയി. ഹോങ്കോങിലും വൈറസ് കാരണം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. 39 വയസ്സുകാരനായ പുരുഷനാണ് ഹോങ്കോങ്ങിൽ മരിച്ചത്. ചൈനയിലെ വുഹാൻ സന്ദർശിച്ചിരുന്ന ഇയാൾ രണ്ടു ദിവസം മുൻപാണ് ഹോങ്കോങ്ങിലേക്കു തിരിച്ചെത്തിയതെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.

അതേസമയം വൈറസ് ബാധ പടരുന്നത് തടയുന്നതിലെ വീഴ്ച സമ്മതിച്ച് ചൈന രംഗത്ത് എത്തി. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഇതാദ്യമായാണ് വൈറസ് ബാധ തടയുന്നതിലെ വീഴ്ച സമ്മതിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തെത്തുന്നത്. വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് അധ്യക്ഷനായ പാര്‍ട്ടി സ്റ്റാന്റിങ് കമ്മിറ്റി വിലയിരുത്തി. പാഠങ്ങള്‍ പഠിച്ച് മുന്നോട്ട് പോകണമെന്നും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ കൂടുതല്‍ നടത്തണമെന്നും പാര്‍ട്ടി പറയുന്നു. വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത വുഹാനിലേക്ക് പുതിയ മെഡിക്കല്‍ സംഘത്തെ അയച്ചതായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അറിയിച്ചു.

അതേസമയം ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 20400 ആയി. ഹുബൈ പ്രവിശ്യയില്‍ മാത്രം 13522 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മരണനിരക്ക് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ക്കൊപ്പം ദൈന്യത നിറഞ്ഞ ഹൃദയഭേദകമായ നിരവധി കഴ്ചകളും ഇവിടെ നിന്നും പുറത്തുവരുന്നുണ്ട്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഐസിയുവില്‍ കഴിയുന്ന വയോധികസുഹൃത്തുക്കളുടെ ദൃശ്യങ്ങളാണ് അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

തീവ്രപരിചരണ യൂണിറ്റില്‍ അടുത്തടുത്ത രണ്ട് ബെഡ്ഡുകളിലായി കിടക്കുന്ന രോഗികളായ രണ്ട് വയോധികര്‍. അതിലൊരാള്‍ മാസ്‌ക് ധരിച്ചിട്ടുണ്ട്. ഇരുവരും കൈകോര്‍ത്ത് പിടിത്ത് മുഖത്തോട് മുഖം നോക്കി കിടന്നുകൊണ്ട് ചൈനീസ് ഭാഷയില്‍ എന്തോ പറയാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങള്‍.

ജിയാങ് വെയ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. 80കാരായ രണ്ട് കൊറോണ വൈറസ് രോഗികള്‍ ഐസിയുവില്‍ യാത്ര പറയുന്നു, ഇരുവര്‍ക്കും പരസ്പരം കാണാനും ആശംസ നേരാനുമുള്ള അവസാനത്തെ അവസരമാവും ഇതെന്ന കുറിപ്പോടുകൂടിയാണ് ജിയാങ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അഞ്ചര ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ആയിരക്കണക്കിന് പേര്‍ വീഡിയയോക്ക് പ്രതികരണവുമായി എത്തിയിട്ടുണ്ട്. വീഡിയോ ഹൃദയഭേദകമെന്നും വേദനാജനകമെന്നും ചിലര്‍ പ്രതികരിച്ചപ്പോള്‍ ഇത്തരം വീഡിയോകള്‍ ഇനിയും കൂടുതല്‍ പങ്കുവെക്കല്ലേ എന്നായിരുന്നു ചിലരുടെ അപേക്ഷ. കൊറോണ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് ചിലര്‍ എഴുതി. ഇനിയെല്ലാം ദൈവത്തിന്റെ കരങ്ങളിലെന്നായിരുന്നു മറ്റുചിലരുടെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.