1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളും കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. സൗദിയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സല്‍മാന്‍ രാജാവ് ഇന്നലെ പുറപ്പെടുവിച്ചു.

511 പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചത്. വൈകുന്നേരം ഏഴ് മണി മുതല്‍ പുലര്‍ച്ചെ ആറ് വരെ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് കര്‍ശന നിയന്ത്രണം ഉണ്ടാവും. 21 ദിവസം രാത്രികാല കര്‍ഫ്യൂ തുടരുമെന്നാണ് ഭരണാധികാരികള്‍ അറിയിച്ചിരിക്കുന്നത്.

സിവില്‍ , സൈനിക വിഭാഗങ്ങളുമായി ചേര്‍ന്നാവും ആഭ്യന്തര മന്ത്രാലയം കര്‍ഫ്യൂ നടപ്പിലാക്കുക. സുരക്ഷ, സൈനികം, മാധ്യമം, ആരോഗ്യം എന്നിങ്ങനെയുള്ള അവശ്യ സര്‍വ്വീസുകളെ മാത്രമാണ് കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കാനാണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്. യുഎഇ രാജ്യങ്ങളിലേക്ക് വരുന്നതും പോവുന്നതുമായ എല്ലാ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊറോണവൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎഇ നാഷണല്‍ എമര്‍ജന്‍സി ആന്റ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമാണ് ഇത്തരമൊരു തീരുമാനം എടുത്തത്.

ചരക്ക് വിമാനങ്ങള്‍ക്കും ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്ന വിമാന സര്‍വ്വീസുകള്‍ക്കും മാത്രമെ അനുമതിയുള്ളു. നിരോധനം വന്നതോടെ യുഎഎയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങിയുള്ള ട്രാന്‍സിറ്റ് യാത്രകളും മടുങ്ങി. അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരുമാനം പ്രാബല്യത്തില്‍ വന്നേക്കും. രണ്ടാഴ്ചത്തേക്കാവും വിലക്ക്.

അത്യാവശ്യ ഘട്ടങ്ങളില്‍ യുഎഇ പൗരന്‍മാരെ ഒഴിപ്പിക്കുന്ന വിമാനങ്ങള്‍ക്കും കാര്‍ഗോ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് ഇളവ് ഉള്ളതെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരമുള്ള എല്ലാ നിര്‍ദ്ദശങ്ങളും രാജ്യത്ത് നടപ്പിലാക്കി വരികയാണെന്നും അധികൃതര്‍ അറിയിക്കുന്നു.

അതിനിടെ യുഎഇയിലെ ആരോഗ്യ പ്രവർത്തകർക്ക് ആത്മവിശ്വാസത്തിന്റെ ഊർജപ്രവാഹമായി ഷെയ്ഖ് മുഹമ്മദിന്റെ ഫോൺ വിളി. ദുബായ് ഹെൽത്ത് അതോറിറ്റിയിലെ എമർജൻസി സെന്ററിലേക്ക് വിളിച്ചാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരാണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബ്ൻ റാഷിദ് അൽ മക്തൂം ദൈനംദിന പ്രവർത്തനങ്ങൾ ആരാഞ്ഞത്.

“ഞാൻ മുഹമ്മദ് ബ്ൻ റാഷിദ്’ എന്ന ആമുഖത്തോടെയാണ് എമർജൻസി സെന്ററിലേക്ക് ദുബായ് ഭരണാധികാരിയുടെ വിളിയെത്തിയത്. രാജ്യത്തെ പ്രതിരോധിക്കുന്നതിൽ മുൻ നിരയിലുള്ളവരാണ് നിങ്ങൾ. ഡോക്ടർമാർ, പുരുഷ, വനിതാ നഴ്സുമാർ, രക്ഷാപ്രവർത്തകർ, ഉദ്യോഗസ്ഥർ അടങ്ങിയ നിങ്ങളുടെയെല്ലാം സേവനത്തിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു,” ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ബഹ്റൈനിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങല്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ഒഴികെ ബാക്കിയെല്ലാ കടകളും മാര്‍ച്ച് 26 മുതല്‍ അടച്ചിടാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ്, മിനി മാര്‍ക്കറ്റ്, ഫാര്‍മസി, ബേക്കറി, ബാങ്ക് എന്നിവകള്‍ക്ക് മാത്രമാണ് ഇളവ് ഉള്ളതെന്ന് മന്ത്രി സായിദ് അല്‍ സയാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കുന്നതിനും നിരോധനം ഉണ്ട്. ബീച്ച്, പാര്‍ക്ക് തുടങ്ങിയ എല്ലാ പൊതുസ്ഥലങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി തലവന്‍ താരിഖ് അല്‍ ഹസനും അറിയിച്ചു. സ്വകാര്യ കമ്പനികള്‍ തൊഴിലാളികള്‍ക്ക് വീട്ടില്‍ നിന്നും ജോലി ചെയ്യാനുള്ള അവസരം ഒരുക്കണമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 183 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.