
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദത്തിന്റെ ആദ്യ കേസ് ചൊവ്വാഴ്ച കൊളറാഡോയില്‍ കണ്ടെത്തി. ഇക്കാര്യം ഗവര്‍ണര്‍ ജേര്‍ഡ് പോളിസാണ് വെളിപ്പെടുത്തിയത്. ഇതോടെ രാജ്യം കടുത്ത ആശങ്കയിലായി. വാക്‌സീനേഷന്‍ ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ഇപ്പോഴത്തെ വാര്‍ത്ത. കൊളറാഡോയില്‍ കണ്ടെത്തിയ രോഗി ഒരുപക്ഷേ മറ്റെവിടെയെങ്കിലും ഈ വകഭേദം ഇതിനകം തന്നെ പരത്തിയിട്ടുണ്ടോയെന്ന ആശങ്ക ഉയരുന്നു.
കൂടുതല്‍ പരിശോധനകള്‍ നടത്തിയാലേ ഇതിന്റെ വ്യാപ്തി മനസ്സിലാക്കാനാകൂവെന്ന് ഹാര്‍വാര്‍ഡ് ടിഎച്ചിലെ എപ്പിഡെമിയോളജിസ്റ്റ് വില്യം ഹാനേജ് പറഞ്ഞു. രോഗിയുടെ ട്രാവല്‍ ഹിസ്റ്ററിയൊന്നും ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതു കൊണ്ടു തന്നെ റൂട്ട്മാപ്പും പുറത്തിറക്കിയിട്ടില്ല. എന്നാല്‍ ഇരുപതു വയസ്സുകാരനായ ഒരു വ്യക്തിയിലാണ് ഈ വേരിയന്റ് കണ്ടെത്തിയതെന്ന് പോളിസ് പറഞ്ഞു. ഡെന്‍വറിന്റെ തെക്കുകിഴക്കായി എല്‍ബര്‍ട്ട് കൗണ്ടിയിലാണ് ഇയാളുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസ് ‘പരിഭ്രാന്തിക്ക് കാരണമാകരുത്’ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, വൈറസ് പടരാനുള്ള അവസരം വളരെ കൂടുതലാണെന്നും ജാഗ്രത പാലിക്കുന്നതാണ് നല്ലതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ശാസ്ത്രജ്ഞര്‍ക്ക് വേരിയന്റുകളെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും അവയില്‍ അതിശയിക്കാനില്ല. വൈറസുകള്‍ പരിവര്‍ത്തനം ചെയ്യുന്നത് സാധാരണമാണ്, കൊറോണ വൈറസിന്റെ മിക്ക മ്യൂട്ടേഷനുകളും നിസ്സാരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
27,000 ജനസംഖ്യയുള്ള കൊളറാഡോയിലെ എല്‍ബര്‍ട്ട് കൗണ്ടിയില്‍ നിന്നാണ് ചൊവ്വാഴ്ച രോഗം കണ്ടെത്തിയത്. കൊളറാഡോയിലെ കേസുകള്‍, മരണങ്ങള്‍, ആശുപത്രിയില്‍ പ്രവേശിക്കല്‍ എന്നിവ കഴിഞ്ഞ ചില ആഴ്ചകളില്‍ ക്രമാനുഗതമായി കുറയുന്നതിനിടയിലാണ് ഇപ്പോഴത്തെ ഈ ജനിതകമാറ്റ വൈറസ് കത്തിപ്പടരാനൊരുങ്ങുന്നത്.
“ഈ പുതിയ കൊവിഡ് 19 വേരിയന്റിനെക്കുറിച്ച് ഞങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ അറിയില്ല, പക്ഷേ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഇത് വലിയ പകര്‍ച്ചവ്യാധിയാണെന്ന് ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നു,’ പോളിസ് പറഞ്ഞു. ‘കൊളറാഡോയിലുള്ളവരുടെ ആരോഗ്യവും സുരക്ഷയുമാണ് ഞങ്ങളുടെ മുന്‍ഗണന, ഈ കേസും എല്ലാ കൊവിഡ് 19 സൂചകങ്ങളും ഞങ്ങള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കും,” പോളിസ് പറഞ്ഞു. രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള കേന്ദ്രങ്ങള്‍ കൂടുതല്‍ തുറക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല