
സ്വന്തം ലേഖകൻ: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം വിവിധ രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അതിര്‍ത്തികള്‍ അടച്ചിടല്‍ പ്രഖ്യാപിച്ച് ഒമാന്‍. ഡിസംബര്‍ 22 ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം.
ഒരാഴ്ചക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. പുതിയ സാഹചര്യത്തില്‍ സൌദിയും അതിര്‍ത്തികള്‍ അടച്ചിട്ടുണ്ട്. വിവിധ രാഷ്ട്രങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിയന്ത്രിച്ചിട്ടുണ്ട്.
സൌദിക്കും ഒമാനും പിന്നാലെ കുവൈത്തും അതിർത്തികൾ അടയ്ക്കുകയും രാജ്യാന്തര വിമാനങ്ങൾക്കു ജനുവരി 1 വരെ വിലക്കേർപ്പെടുത്തുകയും ചെയ്തതായി ഗവ.കമ്യൂണിക്കേഷൻസ് ഒാഫീസ് അറിയിച്ചു. കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങൾ അതിർത്തികൾ അടച്ചത്.
ഇത്തിഹാദ് വിമാനങ്ങൾ താത്കാലികമായി നിർത്തലാക്കി. ഇനിയൊറിയിപ്പുണ്ടാകും വരെ വിമാന സർവീസ് ഉണ്ടാവില്ല. അതേസമയം, എമിറേറ്റ്സ് എയർലൈൻസ് ഇൗ മാസം 27 വരെ സർവീസ് നിർത്തിവച്ചിട്ടുണ്ട്.
കൊവിഡ് വകഭേദം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് സൌദി അതിർത്തികൾ അടയ്ക്കുകയും രാജ്യാന്തര വിമാന സർവീസ് ജനുവരി 1 വരെ നിർത്തലാക്കുകയും ചെയ്തതിനാലാണ് ഇത്തിഹാദും എമിറേറ്റ്സും സർവീസ് നിർത്തിവച്ചതെന്ന് അധികൃതർ അറിയിച്ചു.
കുവൈത്ത്, ഒമാൻ, സൌദി അറേബ്യ എന്നീ മൂന്ന് ഗൾഫ് നാടുകൾ അതിർത്തികൾ വീണ്ടുമടച്ചതോടെ പ്രവാസികൾ വീണ്ടും ആശങ്കയിലേക്ക് നീങ്ങുകയാണ്. സൌദിയിലേക്കും മറ്റും യാത്രചെയ്യാൻ യു.എ.ഇയിലെത്തിയ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് അപ്രതീക്ഷിത യാത്രാവിലക്കിൽ കുടുങ്ങിയത്. സൌദിയിലേക്ക് പോകാൻ ദുബായിലെത്തി 14 ദിവസത്തോളം ഹോട്ടലുകളിലും മറ്റും താമസിച്ചിരുന്നവരാണ് അനിശ്ചിതത്വത്തിലായത്. അത്തരക്കാർ ഇനി യു.എ.ഇയിൽ തന്നെ തുടരേണ്ടിവരും.
മഹാമാരിയുടെ ഭീതിയൊഴിഞ്ഞിരുന്ന സാഹചര്യത്തിൽ കൂടുതൽ സന്ദർശകർക്ക് യു.എ.ഇ. പ്രവേശനം അനുവദിച്ചുകഴിഞ്ഞിരുന്നു. സൌദിയിൽ നിലവിൽ അവധിക്കാലമായതുകൊണ്ട് യു.എ.ഇയിലേക്ക് നിരവധി സന്ദർശകരെത്തിയിരുന്നു. അവരും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. സൌദിയിൽ നിന്നും അവധിക്കാലം ആസ്വദിക്കാൻ നാട്ടിലേക്ക് പോയവർക്കും വിലക്ക് ബാധിക്കാൻ സാധ്യതയുണ്ട്.
മസ്കറ്റ്, സൌദി സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യയും അറിയിച്ചിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയ സാഹചര്യം ഇനിയും കൂടുതൽ കടുത്ത നിയന്ത്രണങ്ങളെടുക്കാൻ ഗൾഫ് നാടുകളെ പ്രേരിപ്പിച്ചേക്കും. പുതിയ വൈറസ് കൂടുതൽ അപകടകാരിയാണെന്നാണ് ആദ്യം പുറത്തു വരുന്ന റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല