
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലേക്കുള്ള ചില വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും താത്കാലികമായി നിര്‍ത്തുന്നു. ഇന്ത്യക്ക് പുറമേ പല വിദേശ രാജ്യങ്ങളും ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയര്‍ലൈന്‍സ് ചൈനയിലേക്കുള്ള സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട്.
ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ ഡല്‍ഹി-ഷാന്‍ഹായ് പാതയിലെ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യ ബുധനാഴ്ച വ്യക്തമാക്കി. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇന്ത്യ-സൗത്ത് ഏഷ്യ പരിധിയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും എന്‍95 മാസ്‌ക് ഉപയോഗിക്കണമെന്നും എയര്‍ ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി ഒന്ന് മുതല്‍ ഫെബ്രുവരി 20 വരെ ഡല്‍ഹിയില്‍നിന്ന് ചൈനയിലെ ചെങ്ഡുവിലേക്കുള്ള സര്‍വീസും ബെംഗളൂരുവില്‍നിന്നുള്ള ഹോങ്‌കോങ് സര്‍വീസുമാണ് ഇന്‍ഡിഗോ താത്കാലികമായി നിര്‍ത്തിവയ്ക്കുന്നത്.
ചൈനയിലെ കൊറോണ വൈറസ് സാഹചര്യം ശ്രദ്ധാപൂര്‍വ്വം വിലയിരുത്തി വരുകയാണെന്നും. നിലവില്‍ യാത്രക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കുമായി ചില സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വാര്‍ത്താ കുറിപ്പില്‍ ഇന്‍ഡിഗോ വ്യക്തമാക്കി. ചൈനയിലെ വൈറസ് ബാധ പ്രദേശത്ത് യാത്ര വിലക്കുള്ളതിനാല്‍ നിരവധി പേര്‍ യാത്രയ്ക്കുള്ള ബുക്കിങ് ഒഴിവാക്കിയതായും ഇന്‍ഡിഗോ വ്യക്തമാക്കി.
കൊറോണ വൈറസ് ബാധയില്‍ ഇതുവരെ 132 പേരാണ് ചൈനയില്‍ മരണപ്പെട്ടത്. 6000ത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ചൈനയില്‍നിന്ന് മടങ്ങിയെത്തിയ നിരവധി ആളുകള്‍ കേരളത്തിലും നിരീക്ഷണത്തില്‍ തുടരുകയാണ്. ചൈനയില്‍നിന്നെത്തുന്ന യാത്രക്കാരെ പരിശോധിക്കാന്‍ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ പരിശോധന ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല