1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2020

സ്വന്തം ലേഖകൻ: കൊറോണ ബാധയേറ്റതായി സംശയിക്കുന്ന കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍. പുതുതായി 173 പേരെയാണ് നിരീക്ഷിച്ചു വരുന്നത്. ആറുപേരുടെ ഫലം പുറത്തുവരാനുണ്ട്. നിലവില്‍ 806 പേര്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതില്‍ പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 796 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് ബാധയേറ്റെന്നു സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 19 പേരില്‍ ഒന്‍പതു പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

16 പേരുടെ രക്ത സാമ്പിളുകള്‍ പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കായി അയച്ചിട്ടുള്ളതില്‍ 10 പേരുടെ രക്ത സാമ്പിളുകളില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആറുപേരുടെ രക്തസാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്.

നിലവില്‍ നല്‍കിയിരിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ചൈനയില്‍ നിന്നു വരുന്നവര്‍ പുറത്തിറങ്ങി നടക്കരുതെന്നും വീടുകളില്‍ തന്നെയിരിക്കണമെന്നും ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. അതേ സമയം ചൈനയിലെ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കാന്‍ പോകുന്നതായി എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.

നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് പനി, ചുമ, ശ്വാസതടസം, എന്നീ രോഗ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എത്രയും പെട്ടെന്ന് എല്ലാ ജില്ലകളിലും ഒരുക്കിയിട്ടുള്ള പ്രത്യേക ചികിത്സ സംവിധാനവുമായി നേരിട്ട് ബന്ധപ്പെട്ട ശേഷം ചികിത്സ തേടണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സംവിധാനങ്ങളുടെ ഫോണ്‍ നമ്പരും വിശദ വിവരങ്ങളും 0471 255 2056 എന്ന നമ്പരില്‍ വിളിച്ചാല്‍ ലഭ്യമാകുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ പറഞ്ഞിരുന്നു.

കോറോണ വൈറസ് മറ്റ് രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കുന്നതിന്‍റെ ഭാഗമായി ജില്ലാമെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായി ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു. കോറോണ രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയവർ കൺട്രോൾ റൂമിലെ 0483-2737858 എന്ന നമ്പറിൽ വിവരം അറിയിക്കണം.

വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവർ 28 ദിവസം സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയണമെന്നും ജില്ലാമെഡിക്കൽ ഓഫീസർ നിർദേശിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

  • കൈകൾ ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം.
  • കൈകൾ പരമാവധി മുഖത്ത് സ്പർശിക്കാതെ ഇരിക്കുക.
  • പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, ശ്വാസം മുട്ട് തുടങ്ങിയവ അനുഭവപ്പെടുന്നവർ ഉടൻ കൺട്രോൾ സെല്ലിൽ വിവരം അറിയിക്കണം. കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശപ്രകാരം പ്രവർത്തിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.