1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2020

സ്വന്തം ലേഖകൻ: കൊറോണവൈറസ് ബാധിച്ച രോഗികളില്‍ പലരിലും വിചിത്രമായ ന്യൂറോളജിക്കല്‍ (നാഡീവ്യൂഹ) വ്യതിയാനങ്ങള്‍ സംഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രുചിയും മണവും പൊടുന്നനെ നഷ്ടപ്പെടുന്നത് കൊവിഡ് ബാധിക്കുന്നവരിലെ ആദ്യ അസാധാരണ ലക്ഷണങ്ങളിലൊന്നാണ്. എന്നാല്‍, രോഗികളില്‍ പലരിലും പക്ഷാഘാതം, ചുഴലി, മസ്തിഷ്‌ക വീക്കം എന്നിവയും കണ്ടുവരുന്നുണ്ട്. കൊവിഡ് 19 രോഗികളില്‍ നടത്തിയ പഠനത്തില്‍ പലരും തളര്‍ച്ച, ആശയക്കുഴപ്പം, പിച്ചും പേയും പറയുക തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

മനുഷ്യരാശിക്കാകെ വെല്ലുവിളിയായി പടര്‍ന്നുപിടിച്ചതോടെ കൊവിഡിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡോക്ടര്‍മാരും ആരോഗ്യരംഗത്തെ വിദഗ്ധരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ് പൂര്‍ണമായും വിശദീകരിക്കാനാവാത്ത തലച്ചോറിനെ ബാധിക്കുന്ന ചില പ്രശ്‌നങ്ങള്‍ക്കുകൂടി കൊവിഡ് 19 കാരണമാകുന്നുവെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. കൊവിഡ് രോഗികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ ഇഇജി (Electroencephalogram) എടുത്ത് പരിശോധിച്ചപ്പോള്‍ തിരിച്ചറിഞ്ഞ വിവരങ്ങളാണ് പഠനറിപ്പോര്‍ട്ടായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

84 വ്യത്യസ്ത പഠനങ്ങളിലെ 620 കൊവിഡ് പോസിറ്റീവായ രോഗികളുടെ തലച്ചോറിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയ ഇഇജി റിപ്പോര്‍ട്ടാണ് പഠനവിധേയമാക്കിയത്. കൊവിഡുമായി ബന്ധപ്പെട്ട് വലിയൊരുവിഭാഗം രോഗികളിലും മസ്തിഷ്‌കവീക്കം ഉണ്ടാവുന്നുവെന്നാണ് ഈ പഠനത്തില്‍ തിരിച്ചറിഞ്ഞത്. ഇതോടെ കൊവിഡ് 19 മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളേയും നേരിട്ട് ബാധിക്കുന്നുവെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ഗവേഷകര്‍.

പഠനവിധേയരാക്കിയ കൊവിഡ് രോഗികളില്‍ മൂന്നില്‍ രണ്ടു പേരും പുരുഷന്മാരായിരുന്നു. രോഗികളുടെ ശരാശരി പ്രായം 61 വയസ്സും. ഇവരില്‍ പലരും നേരത്തെ തന്നെ മറവിരോഗമുള്ളവരാണ്. ഇത് ഇഇജി റിപ്പോര്‍ട്ടിന്റെ ഫലത്തെ ബാധിക്കുകയും ചെയ്യും. ഇക്കാര്യം കൂടി കണക്കിലെടുത്താണ് പഠനഫലം ക്രമീകരിച്ചതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

കൊവിഡ് ബാധിച്ച പലരും നെഗറ്റീവാകുന്നതോടെ രോഗം പൂര്‍ണ,മായും മാറിയെന്ന് കരുതുന്നവരാണ്. എന്നാല്‍ കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതാണെന്ന സൂചനകളാണ് മസ്തിഷ്‌ക വീക്കം പോലുള്ള ലക്ഷണങ്ങളില്‍ നിന്നും തെളിയിക്കപ്പെടുന്നത്. കൊവിഡ് എത്രത്തോളം മനുഷ്യ മസ്തിഷ്‌ക്കത്തെ ബാധിക്കുന്നുവെന്ന് തിരിച്ചറിയാന്‍ കൂടുതല്‍ വിശദമായ പഠനം ആവശ്യമാണെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. സീസ്വർ: യൂറോപ്യൻ ജേണൽ ഓഫ് എപ്പിലെപ്‌സി യിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.