1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2023

സ്വന്തം ലേഖകൻ: നൂറ്റാണ്ടിന്റെ ചരിത്രകൗതുകവും ആഘോഷമേളവും പകർന്ന് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങുകൾ പുരോഗമിക്കുന്നു. കാന്റർബറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു ഘട്ടങ്ങളായാണ് ചടങ്ങ്. നാലു ഘട്ടങ്ങൾപൂർത്തിയായി. ചാൾസ് മൂന്നാമൻ രാജാവിനെ കിരീടം അണിയിച്ചു. ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള രാജാവിന്റെ ഘോഷയാത്ര വെസ്റ്റ് മിൻസ്റ്റർ ആബിയിലെത്തിയതിനു പിന്നാലെയാണ് കിരീടധാരണ ചടങ്ങുകൾ തുടങ്ങിയത്.

വിവിധ രാജ്യങ്ങളിൽ നിന്നും 4,000 അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, യുഎസ് ഗായിക കാറ്റി പെറി തുടങ്ങി നിരവധിപ്പേർ ചടങ്ങിൽ പങ്കെടുക്കുന്നു.

ബക്കിങ്ങാം കൊട്ടാരം മുതൽ വെസ്റ്റ്മിൻസ്റ്റർ ആബി വരെ റോഡുകളിൽ‌ ആളുകൾ തിങ്ങിനിറഞ്ഞിരിരുന്നു. 1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണച്ചടങ്ങിൽ പങ്കെടുത്ത മുതിർന്ന പൗരന്മാരിൽ ചിലർ പ്രായത്തിന്റെ അവശതകൾ മറന്നും എത്തി. രാജവാഴ്ചയെ വിമർശിക്കുന്നവരുടെ പ്രതിഷേധം കണക്കിലെടുത്തുള്ള സുരക്ഷാക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ധൻകറും ഭാര്യ സുധേഷ് ധൻകറും ഇതിനായി ഇന്നലെ ലണ്ടനിലെത്തി. ഊഷ്മള സ്വീകരണം ലഭിച്ച ജഗദീപ് ധൻകർ കോമൺവെൽത്ത് നേതാക്കളുടെ യോഗത്തിൽവച്ച് ചാൾസുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രത്തലവന്മാക്കായി ബർക്കിങ്ങാം പാലസിൽ നടത്തിയ വിരുന്നിലും ഉപരാഷ്ട്രപതി പങ്കെടുത്തു.

അമേരിക്കയിൽനിന്നും പ്രസിഡന്റ് ജോ ബൈഡനു പകരം ഭാര്യ ജിൽ ബൈഡനാണ് കിരീടധാരണത്തിൽ പങ്കെടുക്കാൻ എത്തുന്നത്. മിക്കവാറും എല്ലാ കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നും പ്രസിഡന്റോ പ്രധാനമന്ത്രിമാരോ ചടങ്ങിനായി എത്തിയിട്ടുണ്ട്. ഡെന്മാർക്ക്, നെതർലൻസ്, ബൽജിയം, സ്വീഡൻ, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങളും ചടങ്ങിനെത്തും.

രണ്ടായിരം പേർക്കുമാത്രമാണ് വെസ്റ്റ്മിനിസ്റ്റർ ആബിയിലെ ചടങ്ങുകൾ നേരിട്ടു കാണാൻ അവസരമുള്ളത്. ഇതിൽ എണ്ണൂറ്റി അമ്പതോളം പേർ വിവിധ ചാരിറ്റികൾ ഉൾപ്പടെയുള്ള പൊതുജനങ്ങളുടെ പ്രതിനിധികളാണ്. രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ ആയിരത്തോളം വിദേശ പ്രതിനിധികൾ ഉണ്ടാകും. മറ്റുള്ളവർ രാജകുടുംബാംഗങ്ങളും പാർലമെന്റ് അംഗങ്ങളും.

ഇതര ക്രിസ്ത്യൻ സമുദായങ്ങൾ, മുസ്‍ലിം, ഹിന്ദു, സിഖ്, ജൂത മതവിഭാഗങ്ങളുടെ ആത്മീയ നേതാക്കളെയും ചടങ്ങിനായി നേരിട്ട് ക്ഷണിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.