1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2020

സ്വന്തം ലേഖകൻ: ഇറ്റലിയില്‍ കൊവിഡ്-19 വ്യാപകമായി പടര്‍ന്നുപിടിക്കുന്നു. 197 പേരാണ് ഇറ്റലിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 49 പേരാണ് ഇവിടെ കൊവിഡ് പിടിപെട്ട് മരിച്ചത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. അതേ സമയം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയ്ക്ക് പിന്നിലുള്ളത് ദക്ഷിണകൊറിയയാണ്.

ഇറ്റലിയില്‍ കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് മറ്റു രാജ്യങ്ങളിലേതിനേക്കാള്‍ കൂടി വരികയാണ്. ഇറ്റലിയില്‍ പ്രായം കൂടിയവരുടെ എണ്ണം കൂടിയതിനാലാണ് മരണറിപ്പോര്‍ട്ടുകള്‍ കൂടുന്നതെന്നാണ് വിദഗ്ദാഭിപ്രായം. മരണപ്പെടുന്നവരുടെ ശരാശരി പ്രായം 81 ആണെന്നാണ് ഇറ്റലിയിലെ ദേശീയ ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

ഒപ്പം മരണപ്പെട്ടവരില്‍ 72 ശതമാനം പേരും പുരുഷന്‍മാരാണ്. കൊവിഡ-19 നെ പ്രതിരോധക്കാന്‍ കഴിയാത്തത് താരതമ്യേന പ്രായമേറിയവര്‍ക്കാണ്. റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 4636 പേര്‍ക്കാണ് ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേ സമയം 523 പേര്‍ക്ക് പൂര്‍ണമായും കൊവിഡ് വൈറസ് ബാധ മുക്തരായി.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫേയ്‌സ്ബുക്കിന്റെ ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ആസ്ഥാന ഓഫീസിന്റെ ഭാഗവും അടയ്ക്കുന്നു. സിങ്കപ്പൂര്‍ ഓഫീസിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

ഫേയ്‌സ്ബുക്കിന്റെ മറീന വണ്‍ ഓഫീസിലെ ജീവനക്കാരനാണ് വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ അടുത്തിടെ ലണ്ടന്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്നു. അതിനാലാണ് ലണ്ടന്‍ ഓഫീസും അടയ്ക്കാന്‍ തീരുമാനിച്ചത്. മാര്‍ച്ച് ഒമ്പത് വരെയാണ് ലണ്ടന്‍ ഓഫീസ് അടയ്ക്കുന്നത്.

വൈറസ് ബാധ സ്ഥീരീകരിച്ച ഓഫീസുകള്‍ വൈറസ് മുക്തമാക്കുന്നതിനായി ഉടന്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതായി ഫേയ്‌സ്ബുക്ക് സ്ഥിരീകരിച്ചു. സിങ്കപ്പൂർ ഓഫീസിലെ ജീവനക്കാരോട് മാര്‍ച്ച് 13 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചതായും കമ്പനി വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച ആളുമായി ബന്ധപ്പെട്ട മറ്റു ജീവനക്കാര്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫേയ്‌സ്ബുക്കിന്റെ ഷാങ്ഹായ് ഓഫീസ് നേരത്തെ അടച്ചിരുന്നു. ഇറ്റലി, ദക്ഷിണ കൊറിയ, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.