
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം എന്നത് സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ ലോകമെങ്ങും പരന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വാട്‌സ് ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചരിക്കുന്നത്.
ഇതിനിടെയാണ് ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്ത് വരുന്നത്. ഇറാനില്‍ വ്യാജമദ്യം കഴിച്ച് 27 പേര്‍ മരിച്ചു എന്നതാണത്. ഇരുനൂറില്‍ ഏറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും ഉണ്ട്. കൊറോണ വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാന്‍ മദ്യം കഴിച്ചാല്‍ മതി എന്ന വ്യാജവാര്‍ത്ത വിശ്വസിച്ചവരാണ് ദുരന്തത്തിന് ഇരയായത്. കേരളത്തിലും വാട്‌സ് ആപ്പ് വഴി ഇത്തരം വ്യാജ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഇറാന്‍ ഇസ്ലാമിക രാഷ്ട്രമാണ്. ഇവിടെ ഇസ്ലാം മതത്തില്‍ ഉള്ളവരല്ലാത്ത ചെറിയ ന്യൂനപക്ഷത്തിനൊഴികെ, പൂര്‍ണമായും മദ്യനിരോധനം ആണ് നിലനില്‍ക്കുന്നത്. മദ്യം കഴിച്ചാല്‍ കൊറോണ വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാം എന്ന വ്യാജ വാര്‍ത്തയാണ് വലിയ ദുരന്തത്തില്‍ കലാശിച്ചത്. മരണപ്പെട്ടവര്‍ ഏത് മതവിഭാഗത്തില്‍ പെട്ടവരാണെന്ന കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
മദ്യം സുലഭമല്ലാത്ത രാജ്യമാണ് ഇറാന്‍. ഈ സാഹചര്യത്തില്‍ ആയിരിക്കാം ആളുകള്‍ വലിയതോതില്‍ വ്യാജമദ്യം ഉത്പാദിപ്പിച്ച് ഉപയോഗിച്ചത് എന്നാണ് വിവരം. ഖുസെസ്റ്റാന്‍ പ്രവിശ്യയില്‍ 20 പേരും അല്‍ബ്രോസ് പ്രവിശ്യയില്‍ 7 പേരും ആണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. 218 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഖുസെസ്റ്റാനിലെ ജുന്‍ഡിഷാപുര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വക്താവ് അറിയിച്ചു.
പ്രഭവ കേന്ദ്രമായ ചൈന കഴിഞ്ഞാല്‍ ഏറ്റവും അധികം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളാണ് ഇറാനും ഇറ്റലിയും. ഇറാനില്‍ ഇതുവരെ 7,161 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 237 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല