1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2020

സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. ഇന്നലെ മാത്രം 57 പേരാണ് മരിച്ചത്. ഇതില്‍ അന്‍പത്താറും വൈറസിന്റെ ഉറവിടമായ ഹുബൈ പ്രവിശ്യയിലാണ്. വൈറസ് ബാധിച്ചവരുടെ ചികില്‍സയ്ക്കായി വുഹാനില്‍ പത്തുദിവസം കൊണ്ട് നിര്‍മിച്ച ആയിരം കിടക്കകളുള്ള ആശുപത്രി തുറന്നു. ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് തുടരുമെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചു.

വൈറസ് ബാധ നിയന്ത്രണവിധേയമല്ലെന്നാണ് ചൈനയില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ 2829 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ൈവറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 17205 ആയി. വൈറസ് ബാധ സംശയിക്കുന്ന 5,173 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശുപത്രികളിലുളള 186 പേരുടെ നില അതീവ ഗുരുതരമാണ്. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ സ്ഥിതി അതീവഗുരുതരവും സങ്കീര്‍ണവുമാണെന്ന് രാജ്യാന്തര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെയുണ്ടായ 57 മരണങ്ങളില്‍ 56 എണ്ണവും ഹുബൈ പ്രവിശ്യയിലാണെന്നത് ഇത് വ്യക്തമാക്കുന്നു. ഹുബൈയിലെ മെഡിക്കല്‍ വിഭവങ്ങളുടെ ശേഖരം ആവശ്യത്തിനില്ലെന്ന് പ്രവിശ്യ ഗവര്‍ണര്‍ വ്യക്തമാക്കി. കൊറോണ വൈറസ് ബാധിതരെ ചികില്‍സിക്കാന്‍ വുഹാനില്‍ അടിയന്തരമായി പണിതആശുപത്രി തുറന്നു. ആശുപത്രിയിലേക്കായി സൈന്യത്തില്‍ നിന്ന് 1400 മെഡിക്കല്‍ ജീവനക്കാരെ നിയമിച്ചു. സാധാരണ നിലയില്‍ രണ്ടുവര്‍ഷം കൊണ്ട് തീരേണ്ട സംരംഭമാണ് ദിവസങ്ങള്‍ക്കൊണ്ട് പൂര്‍ത്തിയാക്കാനായതെന്ന് ൈചനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധ നേരിടാനുള്ള അടിയന്തര നടപടികള്‍ക്കായി കേന്ദ്രമന്ത്രിമാരുടെ കര്‍മസമിതി രൂപീകരിച്ചു. ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ്, വനിതശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് സമിതി അംഗങ്ങള്‍.

അതിനിടെ കൊറോണ വൈറസ് സംബന്ധിച്ച് അമേരിക്ക അനാവശ്യമായി പരിഭ്രാന്തി പടര്‍ത്തുന്നുവെന്ന് ചൈന ആരോപിച്ചു. അടിയന്തര സഹായം നല്‍കുന്നതിന് പകരം കൊറോണ വൈറസ് സംബന്ധിച്ച് പരിഭ്രാന്തി പടര്‍ത്തുകയാണ് അമേരിക്ക ചെയ്യുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ചൈനീസ് യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ആദ്യ രാജ്യമാണ് അമേരിക്ക.

രണ്ടാഴ്ച്ചയ്ക്കിടയില്‍ ചൈന സന്ദര്‍ശിച്ച എല്ലാ വിദേശ യാത്രക്കാര്‍ക്കും അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഒപ്പ് വെച്ചിരുന്നു.

കൊറോണ വൈറസിനെ തടയാൻ പരമ്പരാഗത ഔഷധത്തിനു കഴിയുമെന്നു ചൈനയിലെ ചില ഗവേഷണ സ്ഥാപനങ്ങൾ അവകാശപ്പെട്ടതോടെ മരുന്നു വാങ്ങാൻ വൻതിരക്കാണ് ചൈനീസ് നഗരങ്ങളിൽ. ഷാങ്ഹായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയ മെഡിക്കയും വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമാണു വൈറസിനെതിരെ ഈ മരുന്നു ഫലപ്രദമാണെന്നു പ്രഖ്യാപിച്ചത്. ‌കുലമറിഞ്ഞിയെന്നും തൂക്കുചെത്തിയെന്നുമൊക്കെ അറിയപ്പെടുന്ന ചൈനീസ് ഹണിസക്കിൾ എന്ന ചെടിയാണു ഈ മരുന്നിന്റെ പ്രധാനചേരുവ. പനിക്കും ചുമയ്ക്കും തൊണ്ടവേദനയ്ക്കുമുള്ള മരുന്നായാണു ചൈനക്കാർ ഇതുപയോഗിക്കുന്നത്.

എന്നാൽ, ഇത്തരം ഒറ്റമൂലികൾക്കെതിരെ മുന്നറിയിപ്പുമായി ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലി രംഗത്തെത്തി. കൊറോണ വൈറസിനെതിരെ പ്രതിരോധകവചം തീർക്കാനോ രോഗം പിടിപെട്ടാൽ ഭേദമാക്കാനോ ഈ മരുന്നിനു ശേഷിയുണ്ടെന്നല്ല ഗവേഷണഫലമെന്നും പത്രം വ്യക്തമാക്കി. മരുന്നു വാങ്ങാൻ മുഖാവരണം ധരിച്ചു കടയ്ക്കു മുന്നിൽ വരി നിൽക്കുന്നവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. മരുന്നിന് ഓൺലൈനിലും നല്ല വിൽപനയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.