
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. പ്രതിസന്ധിയെ നേരിടാന്‍ സാങ്കേതിക സഹായത്തോടെ മികച്ച പ്രതിരോധപ്രവര്‍ത്തനങ്ങളാണ് ചൈന നടത്തുന്നത്. പത്ത് ദിവസം കൊണ്ട് 1000 പേരെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രി നിര്‍മിച്ചതും മാസ്‌കുകള്‍ക്ക് ക്ഷാമം വന്നപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മാസ്‌ക് ഉത്പാദനം വര്‍ധിപ്പിച്ച് രാജ്യത്ത് വിതരണം ചെയ്തതും ചൈനയുടെ കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചില ഉദാഹരണങ്ങളാണ്.
ഇപ്പോഴിതാ ജനങ്ങള്‍ക്ക് രോഗപ്രതിരോധത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന ഡ്രോണ്‍ ഉപയോഗിച്ച് നല്‍കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നു. ചൈനീസ് ഗ്ലോബല്‍ ടൈംസ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്തിന്റെ എല്ലാഭാഗങ്ങളും 24 മണിക്കൂറും ഡ്രോണിന്റെ നിരീക്ഷണത്തിലാണുള്ളത്. പൊതുവിടങ്ങളില്‍ ഡ്രോണ്‍ പറന്നെത്തി ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും, മാസ്‌ക് ധരിക്കാത്തവരോട് അത് ധരിക്കാന്‍ നിര്‍ദേശിക്കും. ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കും. മാസ്‌ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്. ഇത് ലംഘിക്കുന്നവരെ ഡ്രോണുകളുടെ സഹായത്തോടെ അധികൃതര്‍ തിരഞ്ഞുപിടിക്കും.
ഡ്രോണ്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഗ്ലോബല്‍ ടൈംസിന്റെ വീഡിയോയില്‍ കാണാം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി നടക്കുന്ന സ്ത്രീയെ ഹേയ് ആന്റി, നിങ്ങളോട് ഇപ്പോള്‍ ഡ്രോണ്‍ ആണ് സംസാരിക്കുന്നത്, മാസ്‌ക് ധരിക്കാതെ ഇങ്ങനെ പുറത്തിറങ്ങി നടക്കരുത്. വീട്ടിലേക്ക് തിരിച്ചുപോയി കൈകള്‍ നന്നായി കഴുകണമെന്ന് ഡ്രോണ്‍ നിര്‍ദേശിക്കുന്നത് വീഡിയോയില്‍ കാണാം. മഞ്ഞ് കോരാനെത്തിയ വൃദ്ധനും സമാനമായ നിര്‍ദേശങ്ങള്‍ ഡ്രോണ്‍ നല്‍കുന്നുണ്ട്. പൊതുറോഡുകളില്‍ മാസ് ഇടാതെ നടക്കുന്നവര്‍ക്കും അലഞ്ഞുതിരിഞ്ഞു നടക്കുന്നവരേയും ഡ്രോണ്‍ തിരിഞ്ഞുപിടിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല