
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കുട്ടികള്‍ക്കു ജനനത്തിനു തൊട്ടുപിന്നാലെ ക്ഷയരോഗപ്രതിരോധത്തിനായി നല്‍കുന്ന ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍ (ബിസിജി) വാക്‌സിന്‍ കൊറോണ വൈറസ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാകുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രതയും ചെറുപ്പകാലത്തെ ബിസിജി വാക്‌സിനേഷനും തമ്മില്‍ ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍വൈഐടി) ഇറ്റലിയെയും അമേരിക്കയെയും ഉദാഹരണമായി ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നത്.
ബിസിജി വാക്‌സിനേഷന്‍ ആഗോള നയമല്ലാത്ത ഇറ്റലി, അമേരിക്ക, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലാണ് ബിസിജി വാക്‌സിനേഷന്‍ നിര്‍ബന്ധമായും നടപ്പാക്കുന്ന രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് 19 ഗുരുതരമായി ബാധിച്ചതെന്ന് കണ്ടെത്തിയതായി എന്‍വൈഐടി ബയോമെഡിക്കല്‍ സയന്‍സസ് അസി. പ്രഫ. ഗൊണ്‍സാലോ ഒട്ടാസുവിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ വ്യക്തമാക്കുന്നു. കോവിഡ് 19-ന്റെ പ്രധാന രോഗലക്ഷണമായ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ബിസിജി വാക്‌സിന്‍ ഫലപ്രദമാണെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പറയുന്നു.
അതേസമയം ബിസിജി വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കുന്ന രാജ്യങ്ങളില്‍ രോഗവ്യാപനവും മരണനിരക്കും കുറവാണെന്നും പഠനം സൂചിപ്പിക്കുന്നു. ഇത്തരം രാജ്യങ്ങളെ താരതമ്യപ്പെടുത്തിയാണു പഠനം നടത്തിയത്. ക്ഷയരോഗ നിരക്ക് കുറഞ്ഞതോടെ 1963-നും 2010-നും ഇടയില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ബിസിജി വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയിരുന്നു. ഇന്ത്യയില്‍ രോഗപ്രതിരോധ പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബിസിജി വാക്‌സിന്‍. ലക്ഷക്കണക്കിനു കുഞ്ഞുങ്ങള്‍ക്കാണു ജനനത്തിനു തൊട്ടുപിന്നാലെ വാക്‌സിന്‍ നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല