1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2020

സ്വന്തം ലേഖകൻ: ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന് യാത്രാ വിമാനങ്ങളുടെ സര്‍വീസ് ഭാഗികമായി തുടങ്ങാന്‍ അനുമതി. പരിമിതമായ വിമാനങ്ങള്‍ക്കാണ് ഇപ്പോള്‍ യുഎഇ അധികൃതരുടെ അനുമതി ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ ആറ് മുതല്‍ ഭാഗികമായി സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് പുറത്തേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടിയായിരിക്കും സര്‍വീസുകള്‍.

വാണിജ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി എയര്‍ കാര്‍ഗോയും ഈ വിമാനങ്ങളിലുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കുമെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും ദുബായ് എയര്‍പോര്‍ട്ട്സ് സിഇഒയും ദുബായ് സിവില്‍ ഏവിയേഷന്‍ അതോരിറ്റി പ്രസിഡന്റുമായ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂം അറിയിച്ചു.

യാത്രാ വിലക്കും വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണവും നീങ്ങുന്ന മുറയ്ക്ക് ക്രമേണ യാത്രാ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് എമിറേറ്റ്സ് ശ്രമിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷകൂടി ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും ഇത്. സുരക്ഷയ്ക്കാണ് തങ്ങള്‍ എപ്പോഴും പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് ബാധ പടര്‍ന്നതോടെ യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക്‌ നാട്ടിലെത്താന്‍ എമിറേറ്റ്‌സ് പ്രത്യേക സര്‍വീസ് നടത്തും. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലേക്കാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുക. ഏപ്രില്‍ ആറു മുതലാണ് പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുന്നത്.

ലോകത്തിലെ 14 നഗരങ്ങളിലെക്കാണ് എമിറേറ്റ്‌സ് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമെ ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളുരു എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് ഉണ്ട്.

ആളുകളെ ഒഴിപ്പിക്കുന്നതിന് എമിറേറ്റ്‌സ് നേരത്തെ തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ത്യ പ്രത്യേക വിമാന സര്‍വീസിന് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച് യു.എ.ഇ അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാനും സി.ഇ.ഒയുമായ ഷെയ്ഖ് അഹമദ് ബിന്‍ സഈദ് അല്‍ മക്തും ട്വീറ്റ് ചെയ്തു.യു.എ.ഇ യില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഇത് വലിയ ആശ്വാസം പകരും.

എയര്‍ അറേബ്യയും പ്രത്യേക സര്‍വീസ് നടത്താന്‍ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത് പതിവ് വിമാന സര്‍വീസ് അല്ല. താല്പര്യമുള്ള ആളുകളെ അവരവരുടെ രാജ്യങ്ങളിലെക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക സര്‍വീസ് ആണ്. കൊറോണ നിയന്ത്രണവിധേയമായ ശേഷമേ പഴയ നിലയില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുകയുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.