1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2020

സ്വന്തം ലേഖകൻ: കോവിഡ് 19 പ്രതിസന്ധി മറികടക്കാൻ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് കുവൈത്ത്. അവശ്യ സാധനങ്ങൾ വിൽക്കുന്നവ ഒഴികെയുള്ള സ്ഥാപനങ്ങൾ ഞായറാഴ്ച മുതൽ അടപ്പിച്ചുതുടങ്ങി. ഷോപ്പിങ് മാളുകളും വാണിജ്യ സമുച്ചയങ്ങളും അടഞ്ഞു കിടക്കുകയാണ്. ആളുകൾ കൂട്ടം കൂടുന്നത് തടയാൻ പൊലീസ് ഡ്രോണുകൾ ഉപയോഗിച്ചുള്ള അനൗൺസ്‌മെന്റ് നടത്തുന്നുണ്ട്. അതിനിടെ പ്രത്യേക സാഹചര്യം മുതലെടുത്ത് അവശ്യ സാധനങ്ങൾ വിലകൂട്ടി വിൽക്കുന്നത് തടയാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപാർട്ട്മെന്റ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കോവിഡ് വ്യാപനം തടയാൻ വളരെ വ്യവസ്ഥാപിതമായ നടപടികളാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയവും ഗവണ്‍ന്മെന്റും കൈക്കൊണ്ടു വരുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ എല്ലാ ദിവസവും വൈകീട്ട് മന്ത്രിസഭ പ്രത്യേക യോഗം ചേരുന്നുണ്ട്. ശനിയാഴ്ച രാത്രി ചേർന്ന കാബിനറ്റ് യോഗത്തിലാണ് അവശ്യ സാധനങ്ങൾ വിൽക്കുന്നവ ഒഴികെയുള്ള സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ തീരുമാനമായത്. ബാർബർ ഷോപ്പുകൾ, സലൂണുകൾ, ഷോപ്പിങ് മാളുകൾ, പൊതുമാർക്കറ്റുകൾ എന്നിവ രാവിലെ അധികൃതർ എത്തി അടപ്പിച്ചു. കുട്ടികൾക്കുള്ള വിനോദ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നില്ല. സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ ഫുഡ് സ്റ്റഫ് സ്റ്റോറുകൾ, സപ്ലൈകോ റേഷൻ സ്റ്റോർ, ജംഇയകൾ, പെട്രോൾ പമ്പുകൾ ഫാർമസികൾ എന്നിവക്ക് മുടക്കമില്ല.

അധികൃതരുടെ നിർദേശം അനുസരിച്ചു ആളുകളിൽ പലരും വീടുകളിൽ തന്നെ കഴിയുകയാണ്. റസ്റ്റോറന്റുകളിലും കോഫീ ഷോപ്പുകളിലും ഇരുന്ന് കഴിക്കാൻ അനുവാദമില്ല. എന്നാൽ ടേക്ക് എവേ, ഹോം ഡെലിവറി എന്നിവ അനുവദിക്കുന്നുണ്ട്. ഒരേസമയം അഞ്ചിൽ കൂടുതൽ ഉപഭോക്താക്കളെ സ്വീകരിക്കരുതെന്നും വരി നിൽക്കുന്ന സാഹചര്യമുണ്ടായാൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണമെന്നും കർശന നിർദേശമുണ്ട്.

ഞായറാഴ്ച എട്ട് പേർക്ക് കൂടി കുവൈത്തിൽ പുതുതായി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. എട്ട് പേരും കുവൈത്ത് സ്വദേശികളാണ്. നേരത്തെ ചികിത്സയിലായിരുന്നവരിൽ രണ്ടു പേർകൂടി രോഗമുക്തരായതായും അധികൃതർ അറിയിച്ചു. ഇതോടെ കുവൈത്തിൽ കോവിഡ്-19 ഭേദമായവരുടെ എണ്ണം 9 ആയി. 103 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. നാല് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. നിരീക്ഷണത്തിലായിരുന്ന 324 പേർ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാത്തതിനെ തുടർന്ന് ആവശ്യമായ പരിശോധനകൾക്കു ശേഷം ക്യാമ്പ് വിട്ടു. നാലോളം ക്യാമ്പുകളിലായി 534 പേരാണ് നിലവിൽ നിരീക്ഷണത്തിൽ ഉള്ളത്.

അതിനിടെ വിമാന യാത്രാ വിലക്ക് മൂലം കുവൈത്തിൽ കുടുങ്ങിയ വിദേശികളെ നാട്ടിലേക്കു തിരിച്ചയക്കുന്നതിനു അതാതു രാജ്യങ്ങളുമായി ചേർന്ന് കുവൈത്ത് നടപടി ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിദേശികളുമായുള്ള ആദ്യ ഇവാക്വേഷൻ വിമാനം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് ലെബനോനിലേക്ക് തിരിക്കുമെന്നു കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ട്വീറ്റ് ചെയ്തു. മിഡിൽ ഈസ്റ്റ് എയർ ലൈൻസ് വിമാനത്തിലാണ് ലെബനോൻ പൗരന്മാരെ തിരിച്ചയക്കുക. തുടർദിവസങ്ങളിൽ മറ്റു രാജ്യക്കാരെയും ഇത്തരത്തിൽ തിരിച്ചയക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദുബായിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കുന്നുവെന്ന് വ്യാജ പ്രചരണം. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ച സാഹചര്യത്തില്‍ അധികൃതര്‍ വിശദീകരണം നല്‍കുകയായിരുന്നു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും (DXB) ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലെയും (DWC) എല്ലാ വിമാന സര്‍വീസകളും നിര്‍ത്തിവെയ്ക്കുന്നതായി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന സന്ദേശം പൂര്‍ണമായും തെറ്റാണെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു. ഇരു വിമാനത്താവളങ്ങളിലും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ സ്വീകരിക്കുന്നതായും ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി വെബ്‍സൈറ്റ് പരിശോധിക്കാനും അധികൃതര്‍ ആവശ്യപ്പെടുന്നു.

ഗൾഫിൽ ഇന്നലെയും നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിസന്ധി നേരിടാൻ സാമ്പത്തിക പാക്കേജുകൾക്കും ഗൾഫ് രാജ്യങ്ങൾ രൂപം നൽകുകയാണ്.

ചൊവ്വാഴ്ചയോടെ യു.എ.ഇ എല്ലാവിധ വിസകളും നൽകുന്നത് നിർത്തും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ യാത്രാ വിലക്കുകൾ കർശനമാക്കുന്നതിന്റെ സൂചനയാണ് തീരുമാനം. പുതുതായി നാല് രാജ്യങ്ങളിലേക്ക് കൂടി യാത്രാവിലക്ക് ഏർപ്പെടുത്താൻ യു.എ.ഇ തീരുമാനം കൈക്കൊണ്ടു. തുർക്കി, ലബനാൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും റദ്ദാക്കി. അബൂദബിയിലെ ഗ്രാൻഡ് മോസ്ക്, വിനോദ കേന്ദ്രങ്ങൾ, തിയറ്ററുകൾ എന്നിവക്കു പുറമെ ദുബൈയിലെ നിശാക്ലബുകളു അടച്ചിടും.

സൗദിയിൽ പുതുതായി 17 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 103 ആയി. യു.എ.ഇയിൽ ഒരു ഇന്ത്യക്കാരനും രോഗം സ്ഥിരീകരിച്ചു. നാട്ടിൽ നിന്ന് വാർഷിക അവധി കഴിഞ്ഞെത്തിയ പ്രവാസിക്കാണ് കോവിഡ് ബാധ. യു.എ.ഇയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആയി. വിമാന സർവീസുകൾ പൂർണമായി നിർത്തി വെച്ച കുവൈത്തിൽ കടകളും മാളുകളും ബാർബർ ഷാേപ്പുകളും അടച്ചിടാൻ മന്ത്രിസഭാ യോഗം നിർദേശിച്ചു. സപ്ലൈകോ സ്റ്റോർ, കോപറേറ്റീവ് സ്റ്റോർ എന്നിവ തുറന്നു പ്രവർത്തിക്കും.

ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. വിസാ വിലക്കും ഇന്ന് പ്രാബല്യത്തിൽ വരും. യു.എ.ഇയിൽ നിന്ന് ഒമാനിലേക്കുള്ള ചരക്കുവാഹനങ്ങൾക്കും അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിൽ രോഗി സന്ദർശനം ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലും മുൻകരുതൽ നടപടികൾ തുടരുയാണ്. കോവിഡ് വൈറസ് ബാധയിൽ നിന്ന് സാമ്പത്തിക മേഖലയുടെ രക്ഷക്കായി ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് യു.എ.ഇ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. വ്യക്തികൾക്കും സംരംഭകർക്കും ചുരുങ്ങിയ ചെലവിൽ വായ്പകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.