1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2020

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 74 ആയി വര്‍ധിച്ചെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. രോഗബാധിതരില്‍ 56 ഇന്ത്യക്കാരും 17 വിദേശികളുമാണുള്ളത്. വ്യാഴാഴ്ച മാത്രം പുതുതായി 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലുവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 150ഓളം ഇന്ത്യക്കാരെ ഇറാന്‍ എയര്‍ വിമാനത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തിക്കും. വെള്ളിയാഴ്ച രാത്രി 12.30 ഓടെ ഇവരെ മുംബൈ വിമാനത്താവളത്തിലാണ് എത്തിക്കുക. രണ്ടുവിമാനങ്ങളിലായി ബാക്കിയുള്ള ഇന്ത്യക്കാരെയും വരും ദിവസങ്ങളില്‍ തിരിച്ചെത്തിക്കും. മാര്‍ച്ച് 15, 16 അല്ലെങ്കില്‍ 17 എന്നീ തീയതികളിലാണ് ബാക്കിയുള്ളവരെ എത്തിക്കുക.

സര്‍ക്കാര്‍ ഇതുവരെ 900 ഇന്ത്യക്കാരെ വിദേശങ്ങളില്‍നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിച്ചതായി മന്ത്രാലയം വ്യക്തമാക്കി. മാലദ്വീപ്, മ്യാന്‍മാര്‍, ചൈന, യുഎസ്, മഡഗാസ്‌കര്‍, ശ്രീലങ്ക, നേപ്പാള്‍, ദക്ഷിണാഫ്രിക്ക, പെറു എന്നിവിടങ്ങളില്‍നിന്നാണ് ഇന്ത്യക്കാരെ തിരികെ എത്തിച്ചത്.

സമൂഹത്തില്‍ പെട്ടെന്ന് വ്യാപിക്കുന്ന സാഹചര്യം ഇന്ത്യയില്‍ ഇതുവരെയില്ല. ഇന്ത്യയ്ക്ക് പുറത്തുനിന്ന് വന്നവരിലും അവരുടെ കുടുംബാംഗങ്ങളിലുമാണ് വൈറസ് ബാധയുണ്ടായിട്ടുള്ളത്. രോഗബാധിതരെ പരിശോധനയിലൂടെ തിരിച്ചറിയുന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. സാമ്പിള്‍ പരിശോധനയ്ക്ക് രാജ്യത്ത് 52 പരിശോധനാ കേന്ദ്രങ്ങളും 56 സാമ്പിള്‍ ശേഖരണ കേന്ദ്രങ്ങളുമുണ്ട്. നിലവില്‍ ഒരു ലക്ഷം ടെസ്റ്റിങ് കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ എണ്ണം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസിനെതിരായ വാക്‌സിന്‍ കണ്ടെത്താന്‍ 18 മാസം മുതല്‍ രണ്ടു വര്‍ഷം വരെ സമയം വേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. വൈറസുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പഠനവിധേയമാക്കുന്നുണ്ട്. നിലവില്‍ പൂര്‍ണമായും സ്ഥിരീകരിക്കപ്പെട്ട പഠനങ്ങളൊന്നും ലഭ്യമല്ല. കൂടിയ ഊഷ്മാവില്‍ വൈറസിന് അതിജീവിക്കാന്‍ സാധിക്കില്ലെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന പഠനങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 30ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരവാസ്ഥ പ്രഖ്യാപിക്കുന്നതിനു മുമ്പ് ജനുവരി എട്ട് മുതല്‍ത്തന്നെ കേന്ദ്രസര്‍ക്കാര്‍ കൊറോണ വൈറസിനെ ചെറുക്കാനുള്ള നടപടികള്‍ കൈക്കൊണ്ടുതുടങ്ങിയിരുന്നെന്ന് മന്ത്രാലയം വ്യക്തമാക്കി.

ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണം 827 ആയി. ഇറാനിലും വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. മരണ സംഖ്യ 429 ആയി. ചൈനയില്‍ വൈറസ് വ്യാപനത്തിന്റെ തോത് കുറഞ്ഞെങ്കിലും ആറ് കോടി ജനങ്ങള്‍ വീട്ടില്‍ തന്നെയിരിക്കാനാണ് നിര്‍ദേശം. മരുന്നുഷോപ്പുകളും ഭക്ഷണ വിതരണ കേന്ദ്രങ്ങളും അല്ലാത്ത മുഴുവന്‍ വ്യാപാര കേന്ദ്രങ്ങളും അടച്ചിട്ടു.

24 മണിക്കൂറിനിടെ ചൈനയില്‍ ആകെ 18 പേര്‍ക്ക് മാത്രമേ പുതുതായി വൈറസ് സ്ഥിരീകരിച്ചുള്ളൂ. യു.കെ ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കും തിരിച്ച് അമേരിക്കയിലേക്കുമുള്ള എല്ലാ യാത്രകളും വിലക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോളിവുഡ് താരവും ഓസ്കാര്‍ ജേതാവുമായ ടോം ഹാങ്സിനും ഭാര്യ റിറ്റ വില്‍സണും കോവിഡ് 19 സ്ഥിരീകരിച്ചു.

വിവിധ രാജ്യങ്ങളിലായി 128058 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പോളണ്ടിലും ഗ്രീസിലും അള്‍ജീരിയയിലും രോഗം ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. 68337 പേര്‍ക്ക് രോഗം പൂര്‍ണമായി ഭേദമായി എന്നതാണ് ആശ്വാസകരമായ വാര്‍ത്ത. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുവെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.