
സ്വന്തം ലേഖകൻ: ദീർഘകാലത്തെ കാരാഗൃഹവാസത്തിനു ശേഷം ബ്രിട്ടീഷ്-ഇറാനിയൻ അന്താരാഷ്ട്ര പത്രപ്രവർത്തക നാസ്‌നിൻ സഗാരി റാറ്റ്ക്ലിഫിനെ ഇറാൻ താത്കാലികമായി ജയിൽ മോചിതയാക്കിയിരിക്കുകയാണ്. കൊവിഡ് 19 ബാധ ഇറാനിലെ ജയിലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചതാണ് കാരണം.
ടെഹ്‌റാൻ ജയിലിൽ നിന്ന് മോചിതയായി എങ്കിലും വീട്ടുതടങ്കലിൽ തന്നെ കഴിയേണ്ടി വരും നാസ്‌നിന്. കാലിൽ ഒരു ‘ആങ്കിൾ ടാഗ്’ ധരിക്കേണ്ടി വരും, ടെഹ്റാനിലെ കുടുംബവീടിന് 300 മീറ്റർ പരിധിക്കുള്ളിൽ തന്നെ കഴിയേണ്ടിയും വരും.
കഴിഞ്ഞ ആഴ്ചകളിൽ 85,000 തടവുകാരെ ഇറാൻ കൊവിഡ് 19 കാരണം താത്കാലികമായി ദീർഘകാല പരോൾ നൽകി വിട്ടയച്ചിരുന്നു. 2016 -ലാണ് 46 കാരിയായ നാസ്‌നിൻ ദേശദ്രോഹ-ചാരപ്രവർത്തന കുറ്റങ്ങൾ ആരോപിക്കപ്പെട്ട ടെഹ്റാനിൽ വെച്ച് അറസ്റ്റിലാകുന്നത്. തന്റെ മകളെയും കൂട്ടി അച്ഛനമ്മമാർക്കൊപ്പം ഇറാനിയൻ പുതുവർഷമായ നൗറ ആഘോഷിക്കാൻ വേണ്ടി വന്നപ്പോഴായിരുന്നു നാസ്‌നിന്റെ അറസ്റ്റ്.
നാസ്‌നിൻ അറസ്റ്റു ചെയ്യപ്പെടുമ്പോൾ ഗബ്രിയേലയുടെ മുലകുടി മാറിയിട്ടുണ്ടായിരുന്നില്ല. 22 മാസം മാത്രം പ്രായമുണ്ടായിരുന്ന ഗബ്രിയേലയെ ആദ്യമായി അവളുടെ അപ്പൂപ്പനെയും അമ്മൂമ്മയേയും കാണിക്കാൻ വേണ്ടി ജന്മനാട്ടിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു ഈ അറസ്റ്റുണ്ടായത്.
“കാലിൽ ഒരു ടാഗ് അവർ ഇട്ടുതന്നിട്ടുണ്ടെങ്കിലും, സ്വാതന്ത്ര്യം പരിമിതമാണ് എങ്കിലും, ഞാനിന്ന് സന്തോഷവതിയാണ്. ആ നരകത്തിൽ നിന്നുള്ള ഈ മോചനം എന്നെന്നേക്കുമല്ല എന്നറിയാം എങ്കിലും, അവിടത്തെ താമസം ഏല്പിച്ച മനസികാഘാതങ്ങളിൽ നിന്ന് ഒന്ന് തിരിച്ചുവരാൻ ഇതുപകരിച്ചേക്കും ” എന്ന് നാസ്‌നിൻ പറഞ്ഞു. ജയിലിനുള്ളിൽ തുടർച്ചയായ പാനിക് അറ്റാക്കുകളും കടുത്ത വിഷാദരോഗവും അനുഭവിച്ച് ഏറെ പ്രയാസങ്ങൾ അവർ അനുഭവിക്കുകയുണ്ടായി.
അറസ്റ്റു ചെയ്യപ്പെടുമ്പോൾ, നാസ്‌നിൻ സഗാരി റാറ്റ്ക്ലിഫ് തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷനിലെ പ്രോജക്റ്റ് മാനേജർ ആയിരുന്നു. ബിബിസിയിൽ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ച നാസ്‌നിൻ പിന്നീട് റോയിട്ടേഴ്സിലേക്കും, അവിടെ നിന്ന് തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷൻ എന്ന ചാരിറ്റിയിലേക്കും മാറുകയായിരുന്നു.
ഇന്ന് ഗബ്രിയേലയ്ക്ക് അഞ്ചു വയസ്സായി. കഴിഞ്ഞ അഞ്ചുകൊല്ലവും മറ്റുകുട്ടികളെപ്പോലെ അമ്മയെ കാണാനോ അമ്മയുടെ സ്നേഹവും കരുതലും അനുഭവിക്കാനോ അവൾക്ക് സാധിച്ചിട്ടില്ല. ഒരു ഭ്രാന്തിയായി മാറാതിരിക്കാൻ തന്നെ സഹായിച്ചത് രണ്ടാഴ്ച കൂടുമ്പോഴുള്ള മകളുടെ സന്ദർശനത്തിനായുള്ള കാത്തിരിപ്പായിരുന്നു എന്ന് നാസ്‌നിൻ പറഞ്ഞു.
തന്റെ മേൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾ ഒക്കെയും കെട്ടിച്ചമച്ചതാണ് എന്നും, റോയിട്ടേഴ്സിൽ പോലും തനിക്ക് പ്രോജക്റ്റ് മാനേജരുടെ ചുമതലകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും, ഇരു രാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന നയതന്ത്ര യുദ്ധങ്ങളുടെ പേരിൽ താൻ ഇരയാക്കപ്പെടുകയാണുണ്ടായത് എന്നും നാസ്‌നിൻ പറഞ്ഞു.
എന്നാൽ ഇറാന്റെ റെവല്യൂഷനറി ഗാർഡ്‌സ് പറയുന്നത് ഇറാനെതിരെ വിദേശമണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന വിഘടനവാദ നെറ്റ്വർക്കുകളുടെ പിണിയാളാണ് നാസ്‌നിൻ എന്നാണ്. വളരെ ആഴത്തിൽ നടത്തപ്പെട്ട ഒരു ഇന്റലിജൻസ് ഓപ്പറേഷനിലൂടെയാണ് ഇറാന്റെ ഭരണത്തെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലുള്ള നാസ്‌നിന്റെ റോളിനെപ്പറ്റി വിവരം കിട്ടിയത് എന്നും ഇറാനിയൻ ഇന്റലിജൻസ് പറഞ്ഞു.
ഇറാനിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത്, മലേഷ്യ, ഇന്ത്യ പോലുളള രാജ്യങ്ങളിൽ കൊണ്ടുചെന്നു പരിശീലനം നൽകി, ഇറാനിലേക്ക് തിരിച്ചയച്ച് അവിടത്തെ തെരുവുകളിൽ ഗവൺമെന്റ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഒരു വിദേശ നെറ്റ്‌വർക്കിന്റെ ഭാഗമാണ് നാസ്‌നിൻ എന്നാണ് ഇറാന്റെ ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല