1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 24 ആയി. 12470 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 270 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇന്ന് 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 12,470 പേര്‍ വീടുകളിലും 20 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,297 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കയച്ചു. 1693 എണ്ണം നെഗറ്റീവ് ആണ്. തിങ്കളാഴ്ച 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

തിങ്കളാഴ്ച സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. കൊറോണയെ നേരിടാന്‍ എല്ലാവരും സജ്ജമാണ്. പ്രതിരോധപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞു എന്നാണ് സര്‍ക്കാര്‍ മനസ്സിലാക്കുന്നത്. ജനുവരി അവസാനത്തോടെയാണ് കൊറോണ ആശങ്ക ശക്തമായത്. അന്നുമുതല്‍ നല്ല പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വലിയ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ നടപ്പിലാക്കി.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപാര മേഖല ഏതാണ്ട് നിര്‍ജീവമായ അവസ്ഥയിലാണുള്ളത്. ഇത് ദൈനംദിന ജീവിതത്തെ തന്നെ ബാധിച്ചു. കച്ചവടക്കാര്‍ വലിയ പ്രതിസന്ധി നേരിടുന്നുവെന്നാണ് സര്‍ക്കാര്‍ മനസ്സിലാക്കുന്നത്. ഗതാഗത മേഖലയും തകര്‍ന്നപോലെയാണ്.

കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസി മാത്രം നേരിടുന്നത്. വിനോദസഞ്ചാര മേഖലയിലെ നിയന്ത്രണങ്ങള്‍ മൂലം വലിയ നഷ്ടമാണ് ഉണ്ടാവുന്നത്. സാമൂഹിക ജീവിതം സ്തംഭിച്ച അവസ്ഥയാണ്. ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിമാനയാത്രികര്‍ ഏറെ ജാഗ്രത പുലര്‍ത്തണം. വൈറസ് വ്യാപനത്തിനുള്ള എല്ലാ പഴുതുകളും അടയ്ക്കണം. ആഭ്യന്തര വിമാനയാത്രികര്‍ക്കും വിദേശത്തേക്ക് പോകുന്നവര്‍ക്കും കൊറോണ പരിശോധന നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.