1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ എട്ടു പേർ കാസർകോട് ജില്ലക്കാരും അഞ്ചു പേർ ഇടുക്കിയിൽ നിന്നുമാണ്. കൊല്ലത്ത് രണ്ട്, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണു രോഗം. സംസ്ഥാനത്ത് എട്ട് ജില്ലകള്‍ ഹോട്ട്സ്‍പോട്ടുകളാക്കി. കാസർകോട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്‍സ്പോട്ടുകള്‍.

കേരളത്തിൽ ഇതുവരെ 286 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. അതിൽ 256 പേർ ചികിത്സയിലുണ്ട്. 1,65,934 പേർ നിരീക്ഷണത്തിലാണ്. 1,65,291 പേർ വീടുകളിലും 643 പേർ ആശുപത്രികളിലുമാണ്. ഇന്ന് 8456 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതുവരെ രോഗബാധയുണ്ടായ 200 പേർ വിദേശത്തുനിന്ന് വന്നവരാണ്. ഏഴു പേർ വിദേശികളാണ്. രോഗികളുമായി സമ്പർക്കം മൂലം 76 പേർക്ക് രോഗം ബാധിച്ചു. രണ്ടു പേർ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചെത്തിയവരാണ്. 28 പേർക്ക് രോഗം ഭേദമായി. ഇന്ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഓരോ ആളുകൾക്ക് രോഗം മാറിതായി സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വിഡിയോ കോൺഫറൻസ് നടത്തിയതിന്റെ വിശദാംശങ്ങളും മുഖ്യമന്ത്രി വെളിപ്പെടുത്തി. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹത്തെ അറിയിച്ചു. ലോകത്താകെ വ്യാപിച്ചു കിടക്കുന്നവരാണു മലയാളികൾ‌. അവരുടെ സുരക്ഷയ്ക്ക് കേന്ദ്രം ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

വിദേശത്ത് ക്വാറന്‍റീൻ ഇന്ത്യൻ എംബസികളുടെ കീഴിൽ ഒരുക്കണം. നഴ്സുമാർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം. കൊറോണ ബാധിച്ചല്ലാതെ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.


സംസ്ഥാനാന്തര ചരക്കുനീക്കം തടയാതിരിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു. പക്ഷപാത നിലപാടുകൾ ഇല്ലാതെ രാജ്യം ഒറ്റക്കെട്ടായി കൊറോണയെ പ്രതിരോധിക്കണം. ലോക്ഡൗൺ പിൻവലിക്കുമ്പോൾ അതിഥി തൊഴിലാളികൾ‌ക്ക് സ്വന്തം നാട്ടിലേക്കു പോകുന്നതിന് സൗകര്യം ഒരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ടെസ്റ്റിങ് സംവിധാനങ്ങൾക്ക് അനുമതി നൽകണം. കേരളത്തിൽ റാപിഡ് ടെസ്റ്റ് നടത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളിൽ ചിലത് ഇവിടെ നടപ്പാക്കിയതാണ്. നമ്മുടെ സംസ്ഥാനത്തു നല്ല രീതിയിൽ സന്നദ്ധ പ്രവർത്തരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ച എൻസിസി, എൻഎസ്എസ് വോളണ്ടിയർമാർക്കു കൂടി ഇതിന്റെ ഭാഗമാകാം. കോവിഡ് ആശുപത്രികൾ തുടങ്ങാൻ വലിയ തുക ആവശ്യമാണ്. ഇതു ദുരന്ത നിവാരണ അതോറിറ്റിയില്‍നിന്ന് അനുവദിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാർച്ച് 5 മുതൽ 24 വരെ വിദേശത്തുനിന്നോ മറ്റു സംസ്ഥാനങ്ങളിൽനിന്നോ വന്നവർ 28 ദിവസം ഐസലേഷനിൽ കഴിയണം. 28 ദിവസം നിർബന്ധമായും ഇവർ ഐസലേഷനിൽ പോകണമെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്ഡിആർഎഫ് വിഹിതമായി കേരളത്തിന് 157 കോടി രൂപ നൽകും.

ലോക്ഡൗൺ ലംഘിച്ചവർക്കെതിരെ പുതിയ പകർച്ചവ്യാധി നിയമമനുസരിച്ച് 1,663 കേസുകൾ ഇതുവരെ എടുത്തു. പുതിയ നിയമം സംസ്ഥാനത്തു നടപ്പാക്കി തുടങ്ങി. എന്നാൽ വനിതാ ജീവനക്കാരെ ജോലിക്കെത്തിക്കുന്ന കുടുംബാംഗങ്ങളെ തടയരുത്. വീടുകളിലിരിക്കുന്ന 45 ലക്ഷം വിദ്യാർഥികള്‍ക്കു പുതുതായി ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തും. ‘സമഗ്ര’ പോർട്ടലിൽ അവധിക്കാല സന്തോഷം എന്ന പേരിലായിരിക്കും പഠന സൗകര്യം ലഭിക്കുക.

അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ഭക്ഷണവും മരുന്നും എത്തിക്കും. ജീവനക്കാരുടെ ശമ്പള നിയന്ത്രണം ഇപ്പോൾ ആലോചനയിൽ ഇല്ല. ജീവനക്കാരുടെ പ്രതികരണങ്ങൾ അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തിൽ‌ തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്. പല സംസ്ഥാനങ്ങളും ജീവനക്കാര്‍ക്ക് പകുതി ശമ്പളമാണ് നല്‍കുന്നത്. മറ്റ് നിവൃത്തി ഇല്ലെങ്കില്‍ കേരളത്തിലും ശമ്പള നിയന്ത്രണം വേണ്ടി വരുമെന്നും തോമസ് ഐസക് പറഞ്ഞു. സാലറി ചലഞ്ചിന് ആരേയും നിര്‍ബന്ധിക്കുകയില്ലെന്നും നല്ല മനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവിന് സ്റ്റേ കിട്ടിയത് തിരിച്ചടിയായി. മൂന്നാഴ്ചത്തേക്കാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയതത്. ഇത്തരത്തിൽ ഉത്തരവിറക്കിയതിന് ഹൈക്കോടതി സർക്കാരിനെ വാക്കാൽ വിമർശിച്ചു.

മദ്യ ഉപയോഗം മൂലം ജീവിതം തകരാറിലായവരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അധാർമികവും നിയമവിരുദ്ധമായ ഉത്തരവ് സർക്കാറിൽ നിന്ന് ഉണ്ടായിട്ടുള്ളതനായിരുന്നു ഡോക്ടർമാരുടെ സംഘടന അടക്കമുള്ള ഹരജിക്കാരുടെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.