
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ബുധനാഴ്ചയും പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ നിരീക്ഷണത്തില്‍ 25603 പേര്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 25366 പേരും വീടുകളിലാണ് കഴിയുന്നത്. 237 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. 57 പേരെ ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.
പുതുതായി ഇന്ന് 7861 പേരാണ് നിരീക്ഷണത്തിലുള്ളത്. 4622 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്നൊഴിവാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 2550 പേരുടെ സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കയച്ചു.
ഇതില്‍ 2140 സാംപിളുകളും നെഗറ്റീവാണ്. കൊവിഡ് 19 പ്രതിരോധത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ സുപ്രീംകോടതിയും ഹൈക്കോടതിയും തൃപ്തി രേഖപ്പെടുത്തിയത് പ്രതിരോധപ്രവര്‍ത്തനത്തിന് കരുത്താകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് 19 പ്രതിരോധത്തിന് കേരളത്തിന് വീണ്ടും സുപ്രീംകോടതിയുടെ അഭിനന്ദനം. കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തിന് സുപ്രീംകോടതിയുടെ അഭിനന്ദനം. കേരളത്തില്‍ അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുകയാണ്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ എന്ത് ചെയ്യുകയാണ് എന്നത് അറിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ ആയ ബെഞ്ചാണ് കേരളത്തിന്റെ നടപടികളെ പ്രശംസിച്ചത്. നേരത്തെ, സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. സ്വമേധയാ എടുത്ത കേസില്‍ കോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസും അയച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല