1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2020

സ്വന്തം ലേഖകൻ: ലോകാരോഗ്യ സംഘടന കോവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിക്കുകയും ഗൾഫ് മേഖലയിൽ രോഗം പടരുകയും ചെയ്ത സാഹചര്യത്തിൽ വിമാന സർവീസുകൾ പൂർണമായും നിർത്തി വെക്കാൻ കുവൈത്തിന്റെ തീരുമാനം. ഖത്തറിൽ ഇന്നലെ മാത്രം ഒറ്റയടിക്ക് 238 പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിച്ചു. പശ്ചിമേഷ്യയിൽ രോഗികളുടെ എണ്ണം പതിനായിരത്തിനും മുകളിലാണ്.

കോവിഡ് വ്യാപനത്തോടെ തീർത്തും അസാധാരണ മുൻകരുതൽ നടപടികളുടെ പാതയിലാണ് ചില ഗൾഫ് രാജ്യങ്ങൾ. ഇന്നലെ വൈകീട്ട് ചേർന്ന കുവൈത്ത് മന്ത്രിസഭായോഗമാണ് രണ്ടാഴ്ചക്കാലം രാജ്യത്ത് പൊതുഅവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. സർക്കാർ ഓഫീസുകൾ ഇനി മാർച്ച് 29ന് മാത്രമാകും കുവൈത്തിൽ പുനരാരംഭിക്കുക. രാജ്യത്തു നിന്നുള്ള എല്ലാ വാണിജ്യ വിമാനസർവീസുകളും നിർത്തിവെച്ചു. ആളുകൾ ഒത്തുകൂടുന്ന കേന്ദ്രങ്ങൾ എന്ന നിലക്ക് ഷോപ്പുകൾ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യം, തിയറ്ററുകൾ എന്നിവ അടച്ചിടും. എല്ലാ നിലക്കും രാജ്യത്തെ നിശ്ചലമാക്കുന്നതാകും നടപടികൾ.

ഖത്തറിൽ പൊടുന്ന 238 പേർക്ക് കൂടിയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒരേ താമസകേന്ദ്രത്തിലുള്ള പ്രവാസികളാണിവർ. ഇതോടെ ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം 262 ആയി ഉയർന്നു. ഗൾഫിലെ ഏറ്റവും ഉയർന്ന എണ്ണം കൂടിയാണിത്. ഇറാനിൽ നിന്ന് തിരിച്ചെത്തിച്ച എൺപതോളം ബഹ്റൈനികൾക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തിൽ മൂന്ന് പേർക്ക് കൂടി രോഗം ഉറപ്പിച്ചതോടെ എണ്ണം 72 ആയി. സൗദിയിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ എണ്ണം 21ൽ എത്തി.

രോഗം പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ് കുവൈത്തിനു പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളും. സൗദിയിൽ തിയേറ്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടും. ഷാർജയിലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ആരാധനക്കായുള്ള ഒത്തുചേരലുകൾ നിർത്തി വെക്കാൻ മതകാര്യവകുപ്പ് നിർദേശിച്ചു. ഒമാൻ ഒഴികെ ഗൾഫിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.