1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരുന്നത് 5ജി മൊബൈൽ ടവറുകൾ മുഖേനയാണെന്ന വ്യാജപ്രചാരണത്തെത്തുടർന്ന് യൂറോപ്പിൽ ടവറുകൾ അഗ്നിക്കിരയാക്കുന്ന സംഭവം വ്യാപകമായി. ഹോളണ്ടിലെ ബിസിനസ് കേന്ദ്രത്തിൽ അജ്ഞാതൻ എന്തോ ദ്രാവകമൊഴിച്ച് ടവറിനു തീകൊളുത്തി മറയുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെ പരിഭ്രാന്തിയിലാണ് മൊബൈൽ വ്യവസായം.

മഹാമാരിയെ നേരിടാൻ ലോകം കൈകോർത്തു നിൽക്കുമ്പോൾ നിർണായകമായ ടെലികമ്യൂണിക്കേഷൻ രംഗത്തെ തളർത്തുന്ന നടപടിയിൽ നിന്നു പിന്മാറണമെന്ന് ആരോഗ്യ– സാങ്കേതിക വിദഗ്ധർ അഭ്യർഥിച്ചു.

മൊബൈൽ ടവറുകൾ രോഗം പരത്തുന്നവയാണെന്ന ആരോപണം മുൻപും ഉയർന്നിട്ടുണ്ടെങ്കിലും കൊറോണ ബന്ധം ആരോപിക്കപ്പെട്ടതോടെ ടവർ ആക്രമണം കൂടി. ബ്രിട്ടനിൽ മാത്രം ഇത്തരം 50 സംഭവങ്ങൾ ഈ മാസമുണ്ടായി. ടെലികോം എൻജിനീയർമാരെ അധിക്ഷേപിച്ചെന്ന 80 പരാതികൾ വന്നു. സൈപ്രസ്, ബൽജിയം, അയർലൻഡ് എന്നിവിടങ്ങളിലും സമാന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് ബാധിച്ച് ഐസലേഷൻ വാർഡിൽ കഴിയുന്ന രോഗികൾക്ക് ആകെയുള്ള ആശ്വാസം ബന്ധുക്കളുടെ വിഡിയോ കോളുകളാണെന്നും ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ നിരാശാജനകമാണെന്നും ഇംഗ്ലണ്ടിലെ നാഷനൽ ഹെൽത്ത് സർവീസ് ഡയറക്ടർ സ്റ്റീഫൻ പൊവിസ് പറഞ്ഞു. ബർമിങ്ങാമിൽ കോവിഡ് രോഗികളുള്ള ആശുപത്രിക്കു സമീപത്തെ ടവർ കഴിഞ്ഞ ദിവസം തകർത്തിരുന്നു.

കോവിഡും കാൻസറും വേണ്ട എന്നു പറഞ്ഞ് ടവർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹോങ്കോങ്ങിൽ പ്രക്ഷോഭകാരികൾ മൊബൈൽ ടവർ തകർക്കുന്ന ദൃശ്യങ്ങൾ ചൈനയിലും പ്രചരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.