1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2020

സ്വന്തം ലേഖകൻ: ബ്രസീലിലെ ആശുപത്രികള്‍ കൊറോണ രോഗികളെ കൊണ്ട് നിറയുന്നു. മോര്‍ച്ചറികളിലും സെമിത്തേരികളിലും സ്ഥലമില്ലാതായതിനെ തുടര്‍ന്ന് കൂട്ടക്കുഴിമാടങ്ങളൊരുക്കിയാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്. സ്ഥിതി അതീവ ഗൗരവതരമായിട്ടും സാമൂഹിക അകലം പാലിക്കാനുള്ള കടുത്ത നടപടികൾ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മാത്രവുമല്ല മെയ് മാസത്തിൽ ലോക്ക്ഡൗണിൽ അയവുവരുത്താനാണ് പ്രസിഡന്റ് ആലോചിക്കുന്നതും.

റിയോ ഡി ജനീറയിലെയും മറ്റ് നാല് പ്രധാന നഗരങ്ങളിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ അവരുടെ ആശുപത്രി സംവിധാനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പ് ഇതിനോടകം നല്‍കിക്കഴിഞ്ഞു. കൂടുതല്‍ രോഗികളെ പ്രവേശിക്കാന്‍ കഴിയാത്ത വിധം ആശുപത്രികള്‍ നിറഞ്ഞുവെന്നും അവര്‍ പറയുന്നു.

ഈ അടിയന്തിര ഘട്ടത്തിലും കോവിഡ് ചെറിയ രോഗമാണെന്നും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യമില്ലെന്നുമുള്ള തന്റെ മുന്‍കാല നിലപാടിനു മാറ്റമില്ലാതെ തുടരുകയാണ് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ. ഉയര്‍ന്ന രോഗലക്ഷണമുള്ളവരെ മാത്രം ക്വാറന്റൈന്‍ ചെയ്താല്‍ മതിയെന്ന നിലപാടാണ് അദ്ദേഹം ഇപ്പോഴും സ്വീകരിക്കുന്നത്.

ആമസോണിലെ പ്രധാന നഗരമായ മനാസില്‍ കൂട്ടിക്കുഴിമാടം ഒരുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് അധികൃതര്‍. എന്നിട്ടും പ്രസിഡന്റിന്റെ നിലപാടിന് അയവുവന്നിട്ടില്ല. ഒരു ദിവസം ശരാശരി നൂറ് മൃതദേഹങ്ങളാണ് ഇവിടങ്ങളില്‍ അടക്കം ചെയ്യുന്നത്. സംസ്‌കാര സേവനങ്ങള്‍ ചെയ്യുന്ന ഇരുപതുകാരനായ ഡ്രൈവര്‍ പറയുന്നത് 36 മണിക്കൂറില്‍ ഇടതടവില്ലാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ്. ഇതിനാല്‍ തങ്ങളുടെ ഉടമ പുതിയൊരു വണ്ടി കൂടി സേവനത്തിനായി ഇറക്കി.

54,043 പേര്‍ ഇതുവരെ ബ്രീസിലില്‍ രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്. മരണം 3,704 ആയി.
അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. പത്ത് ദിവസത്തിനിടെയാണ് മരണസംഖ്യ കാല്‍ ലക്ഷത്തില്‍ നിന്ന് അരലക്ഷമായി വര്‍ധിച്ചത്. വെള്ളിയാഴ്ച 1951 പേരാണ് മരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ടായിരത്തിന് മുകളിലായിരുന്നു ദിനംപ്രതിയുള്ള യുഎസിലെ മരണനിരക്ക്.

ഇതോടെ രാജ്യത്തെ ആകെ മരണം 52,243 ആയി. പകുതിയോളം മരണവും ന്യൂയോര്‍ക്കിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 926,530.

ലോകമൊട്ടാകെ രോഗബാധിതരുടെ എണ്ണം 2,855,694 ആണ്. മരണം രണ്ട് ലക്ഷത്തിനോടടുത്തിട്ടുണ്ട്, 198,532. യുകെ ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ വെള്ളിയാഴ്ച മരണനിരക്കില്‍ ഗണ്യമായ കുറവുണ്ടായി.

സ്‌പെയിനില്‍ 367 മരണവും ഇറ്റലിയില്‍ 420 മരണവുമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടങ്ങളില്‍ മരണനിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും കുറവ് തുടരുന്നുണ്ട്. ഫ്രാന്‍സില്‍ 389 മരണമാണ് വെള്ളിയാഴ്ചയുണ്ടായത്. അതേ സമയം യുകെയില്‍ 768 പേര്‍ മരിച്ചു. യുകെയില്‍ ആകെ മരണം 19,506 ആണ്. ഫ്രാന്‍സില്‍ 22,245 ഉം സ്‌പെയിനില്‍ 22,524 ഉം ആണ് ആകെ മരണം. ഇറ്റലിയില്‍ മരണസംഖ്യ 25,969 ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.