
സ്വന്തം ലേഖകൻ: ചൈനയില്‍ കൊവിഡ് 19 ന്റെ രണ്ടാം വരവെന്ന് സംശയം. കൊവിഡിനെ ലോക്ക് ഡൗണിലൂടെ കൃത്യമായി നിയന്ത്രിച്ചതിന് ശേഷം ആദ്യമായി ശനിയാഴ്ച ചൈനയില്‍ 57 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ചൈനയില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.
ദക്ഷിണ ബീജിംഗിലെ ഷിന്‍ഫാദി മാംസ-പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നാണ് വൈറസിന്റെ രണ്ടാം വരവ് എന്നാണ് സൂചന. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 36 പേരും ബീജിംഗില്‍ നിന്നുള്ളവരാണ്. രോഗം വ്യാപിച്ചതെന്ന് കരുതുന്ന മാര്‍ക്കറ്റും പരിസര പ്രദേശങ്ങളും അടച്ചിടാന്‍ ദേശീയ ആരോഗ്യ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 79 ലക്ഷം കടന്നു. ഇതുവരെ 7,904,560 പേര്‍ക്കാണ് ലോകത്ത് കൊറോണ സ്ഥിരീകരിച്ചത്. 432,957 പേർ മരിച്ചു. 4,062,496 പേര്‍ രോഗമുക്തരായി. 3,405,183 പേരാണ് നിലവില്‍ വിവിധ രാജ്യങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. ചികിത്സയില്‍ തുടരുന്ന 98 ശതമാനം ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണ്. 3,351,044 പേരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേ സമയം ചികിത്സയില്‍ കഴിയുന്ന രണ്ട് ശതമാനം ആളുകളുടെ ആരോഗ്യനില മോശമായി തുടരുകയാണ്. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ അമേരിക്കയിലാണ് കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നത്. 117,527 പേര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് അമേരിക്കയില്‍ ജീവന്‍ നഷ്ടമായത്. രാജ്യത്ത് ആകെ 2,142,224 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 854,106 പേര്‍ രോഗമുക്തരായി.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി, പെറു, ജര്‍മനി, ഇറാന്‍, തുര്‍ക്കി, ചിലി, ഫ്രാന്‍സ്, മെക്‌സിക്കോ, പാകിസ്താന്‍, സൗദി അറേബ്യ, കാനഡ എന്നിവിടങ്ങളിലാണ് രോഗികള്‍ കൂടുതലായുള്ളത്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിച്ചതും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ബ്രസീലില്‍ ആണ്. 850,796 പേര്‍ക്കാണ് ബ്രസീലില്‍ രോഗം ബാധിച്ചത്. 42,791 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല