1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2020

സ്വന്തം ലേഖകൻ: ദോഹയിൽ നിന്ന് പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ വിമാനത്തിന് ദോഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കാതെ വന്നതോടെയാണ് വിമാനം റദ്ദാക്കിയത്. യാത്ര റദ്ദാക്കിയത് സംബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ അറിയിപ്പ് ലഭിച്ചു.

എയർ ഇന്ത്യയുടെ യാത്രാവിമാനം രാത്രി 10.45 ഓടെ തിരുവനന്തപുരത്ത് എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. 15 ഗർഭിണികളും ഇരുപതു കുട്ടികളും ഉൾപ്പടെ 181 യാത്രക്കാരുമായിട്ടാണ് എയർ ഇന്ത്യ എക്്‌സ്പ്രസ് വിമാനം എത്താനിരുന്നത്. ഇടുക്കി ഒഴികെ മറ്റ് എല്ലാ ജില്ലകളിൽ നിന്നുള്ളവരും യാത്രയ്ക്ക് തയ്യാറായിരുന്നു. ഖത്തറിൽ നിന്ന് പ്രവാസികളുമായുള്ള ആദ്യ വിമാനം ഇന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയിരുന്നു.

യാത്രക്കാർ രാവിലെ 10 മണിക്ക് മുമ്പ് തന്നെ ദോഹ വിമാനത്താവളത്തില്‍ എത്തി. മണിക്കൂറൂകളോളം കാത്തിരുന്ന ശേഷമാണ് വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാര്‍ അറിയുന്നത്. അതേ സമയം, യാത്രക്കാര്‍ക്ക് മറുപടി നല്‍കാന്‍ ഖത്തര്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ ആരും വിമാനത്താവളത്തില്‍ എത്തിയില്ല. ഫോണ്‍ ചെയ്തിട്ട് എംബസിയില്‍ നിന്ന് പ്രതികരണമില്ലെന്നും യാത്രക്കാര്‍ അറിയിച്ചു.

വിസിറ്റ് വിസയിലും മറ്റും വന്ന് ടിക്കറ്റ് ലഭിച്ചതിനെ തുടര്‍ന്ന് മുറി ഒഴിഞ്ഞുവന്നവര്‍, യാത്ര ചെയ്യാന്‍ അടിയന്തര ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ട ഗര്‍ഭിണികള്‍, അടിയന്തരമായി നാട്ടില്‍ എത്തി ചികില്‍സ തുടരേണ്ട രോഗികള്‍ തുടങ്ങിയവര്‍ ഇനി എന്ത് ചെയ്യും എന്ന ആശങ്കയില്‍ എയര്‍പോര്‍ട്ടില്‍ തന്നെ തങ്ങുകയാണ്. അഞ്ച് മണിക്കൂര്‍ മുമ്പേ വിമാനത്താവളത്തില്‍ എത്തിയവരാണ് അധികൃതരുടെ അനാസ്ഥ മൂലം കഷ്ടത്തിലായത്.

33 ആഴ്ച്ച ഗര്‍ഭിണിയായ ഭാര്യക്ക് മൂന്ന് ദിവസത്തേക്കുള്ള യാത്രാ ക്ലിയറന്‍സ് ആണ് ലഭിച്ചതെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. ഇനി അടുത്ത ദിവസം യാത്ര ചെയ്യണമെങ്കില്‍ വീണ്ടും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടി വരും. വാടക ക്ലിയര്‍ ചെയ്ത് മുറി ഒഴിഞ്ഞ് വന്നവര്‍ എങ്ങോട്ട് പോകണമെന്നറിയാത്ത സ്ഥിതിയിലാണുള്ളത്.

അതേസമയം ദോഹയിൽ നിന്നു തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം ചൊവ്വാഴ്ച എത്തുമെന്ന് കലക്ടർ കെ. ഗോപാലകൃഷ്ണൻ പ്രതികരിച്ചു. സമയം നിശ്ചയിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.